Pathanamthitta
പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ മെഷീനില്‍; കടമ്പനാട് രണ്ടാം വാര്‍ഡില്‍ റീ പോളിംഗ് ആവശ്യവുമായി എന്‍ ഡി എ
വിഷയത്തില്‍ നടപടി ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കും
പത്തനംതിട്ട | കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പോളിംഗ് നടന്നതിനേക്കാള്‍ 110 വോട്ടുകള്‍ അധികമായാണ് വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തിയതെന്നും അവിടെ റീ പോളിംഗ് നടത്തണമെന്നും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു . 449 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍, 559 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുള്ളതായാണ് വോട്ടിംഗ് മെഷീനില്‍ കാണിച്ചത്. കന്നുവിള അംഗന്‍വാടിയിലെ ബൂത്ത് നമ്പര്‍ രണ്ടിലെ മെഷീനിലാണ് തകരാര്‍ കണ്ടെത്തിയതെന്നും സ്ഥാനാര്‍ഥികള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം തന്നെഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും വേണ്ട നടപടി സ്വീകരിച്ചില്ല . വിഷയം ഗൗരവത്തില്‍ എടുക്കുകയോ ചെയ്തിട്ടില്ല.
പരാതി നല്‍കിയിട്ടും ജില്ല ഇലക്ഷന്‍ ഓഫീസറുടെ ഭാഗത്ത് നിന്നോ, ഇലക്ഷന്‍ കമ്മീഷന്റെ ഭാഗത്ത് നിന്നോ യാതൊരുവിധ വിശദീകരണക്കുറിപ്പോ ലഭ്യമായിട്ടില്ല. എല്‍ ഡി എഫ് ,യൂ ഡി എഫ് മുന്നണികളും മൗനം തുടരുകയാണെന്നും സ്ഥാനാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇതുവരെയും നടപടി ഉണ്ടായില്ല . കലക്ടര്‍ക്കും പരാതി നല്‍കിയതാണ്. വിഷയത്തില്‍ നടപടി ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷന്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ആര്‍. ആര്‍. ഐശ്വര്യ, കടമ്പനാട് ബ്ലോക്ക് സ്ഥാനാര്‍ഥി അജി വിശ്വനാഥ് , എന്‍ ഡി എ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. രാജു മണ്ണടി എന്നിവര്‍ പങ്കെടുത്തു




