Kerala
എം കെ സാനു: അധ്യാപകനായി തുടക്കം; മടങ്ങിയത് മലയാളത്തിന് കനപ്പെട്ട സംഭവാനകളർപ്പിച്ച്
രാഷ്ട്രീയ മത വേർതിരിവുകളില്ലാതെ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാൻ സാനുവിനായി

കോഴിക്കോട് | സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ച് നിരവധി സംഭാവനകൾ മലയാളത്തിന് അർപ്പിച്ചാണ് പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു മടങ്ങുന്നത്. സ്‌കൂൾ അധ്യാപകനായാണ് തുടക്കമെങ്കിലും പിന്നീട് സാഹിത്യ രംഗത്ത് എത്തിപ്പെടാത്ത മേഖലകളില്ല. ഒരിടവേള രാഷ്ട്രീയ രംഗത്ത് കാൽവെച്ചപ്പോഴും അവിടെയും മിന്നിത്തിളങ്ങി. 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്സ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത് സാനുവിന്റെ ജനപിന്തുണ തെളിയിക്കുന്നതാണ്.
അധ്യാപക രംഗത്ത് ഏറെക്കാലം പ്രവർത്തിച്ചതിനാൽ നിരവധി ശിഷ്യഗണങ്ങൾ സംസ്ഥാനത്തുടനീളമുണ്ട്. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാൽപ്പതോളം ഗ്രന്ഥങ്ങളാണ് വിരചിതമായത്. ഒരു മാസത്തിനിടെയാണ് അവസാന പുസ്തകം പ്രകാശിതമായത്. മറ്റൊരു പുസ്തകത്തിൻ്റെ പണിപ്പുരയിലായിരുന്നു. ഒട്ടനവധി പുരസ്‌കാരങ്ങളും തേടിയെത്തി. ശ്രീനാരായണ ഗുരു ദർശനം ജനങ്ങളിലെത്തിക്കാൻ അഹോരാത്രം പരിശ്രമിച്ച സാനു, പ്രഭാഷണങ്ങളിലെല്ലാം മതേതരത്വത്തിന്റെ മഹത്വം വിളംബരം ചെയ്തു. രാഷ്ട്രീയ മത വേർതിരിവുകളില്ലാതെ എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാൻ സാനുവിനായി.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിലായിരുന്നു ജനനമെങ്കിലും പ്രവർത്തന മണ്ഡലം എറണാകുളമായിരുന്നു. ഏറെക്കാലം എറണാകുളം മഹാരാജാസിൽ അധ്യാപകനായതോടെ താമസം എറണാകുളത്തേക്ക് മാറ്റി. അധ്യാപന രംഗത്ത് നിന്ന് വിരമിച്ച ശേഷം പൂർണമായി സാഹിത്യപ്രവർത്തനത്തിന് ജീവിതം മാറ്റിവെച്ചു.