Kerala
ചേര്‍ത്തലയിലെ തിരോധാനക്കേസുകള്‍; പരിശോധനക്കയച്ച അസ്ഥികളുടെ ഡിഎന്‍എ ഫലം ഇന്ന് ലഭിച്ചേക്കും
കേസില്‍ ഏറെ നിര്‍ണായകമാണ് ഡിഎന്‍എ ഫലം

ആലപ്പുഴ | ചേര്‍ത്തലയിലെ തിരോധാന കേസുകളില്‍ ഡിഎന്‍എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ജൈനമ്മ തിരോധന കേസിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീടിന് പരിസരത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അസ്ഥികളുടെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുന്നത്. കേസില്‍ ഏറെ നിര്‍ണായകമാണ് ഡിഎന്‍എ ഫലം.
കഴിഞ്ഞമാസം 28നാണ് ജൈനമ്മ തിരോധാന കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വീടിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികള്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തുന്നത്. ഈ അസ്ഥികളാണ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരുന്നത്. അതേസമയം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. .
കേസുമായി യാതൊരുതരത്തിലും സെബാസ്റ്റ്യന്‍ സഹകരിക്കുന്നില്ല. അന്വേഷണ സംഘത്തോട് ഒന്നും തുറന്നുപറയാന്‍ സെബാസ്റ്റ്യന്‍ തയാറായിട്ടില്ല. നിലവില്‍ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ജൈനമ്മയുടേതാണെന്നായിരുന്നു അന്വേഷണ സംഘം ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നീട് മൂന്ന് സ്ത്രീകളുടെ കൂടെ തിരോധാനകേസുകളില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് കണ്ടെത്തി
നാല് വര്‍ഷത്തിലധികം പഴക്കമുള്ള അസ്ഥികളാണ് കണ്ടെത്തിയത്. ജൈനമ്മയെ കാണാതായത് 2024 ഡിസംബറിലാണ്. അതിനാല്‍ നാല് വര്‍ഷം പഴക്കമുള്ള അസ്ഥി ആരുടേതാണെന്ന സംശയം ഇപ്പോഴും തുടരുകയാണ്.