International
യു എസ് സഹായം വെട്ടിക്കുറക്കല്‍; എലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് മെലിന്‍ഡ ഗേറ്റ്സ്
ലോകമെമ്പാടുമുള്ള കുടുംബങ്ങളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ | എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപാര്‍ട്ട്മെന്റ് (ഡോഗ്) നടത്തിയ യു എസ് എയ്ഡ് വെട്ടിക്കുറക്കലിനെ വിമര്‍ശിച്ച് വ്യവസായി മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്. യു എസ് സഹായം വെട്ടിക്കുറച്ചത് ലോകമെമ്പാടുമുള്ള കുടുംബങ്ങളെ സാരമായി ബാധിക്കുമെന്ന് ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കി.
‘ഈ വെട്ടിക്കുറക്കലുകള്‍ കാരണം 1.6 കോടി സ്ത്രീകള്‍ക്ക് മാതൃ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകില്ല” ബില്‍ ഗേറ്റ്സിന്റെ ഭാര്യ കൂടിയായ മെലിന്‍ഡ പറഞ്ഞു. ‘സര്‍ക്കാര്‍ പിന്‍വാങ്ങിയാലും ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കഴിവുള്ളവര്‍ക്ക് ഏറ്റെടുക്കാം. പക്ഷേ സര്‍ക്കാറിന് സര്‍ക്കാരിന്റെതായ ഉത്തരവാദിത്തമുണ്ട്. തീര്‍ച്ചയായും സഹായം വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് യു എസ് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്. അടുത്ത വര്‍ഷം 1.7 കോടി മലേറിയ കേസുകള്‍ കൂടി ഉണ്ടാകുമെന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്’ അവര്‍ കൂട്ടിച്ചേര്‍ത്തു.
യു എസ് എയ്ഡ് ഫണ്ട് വര്‍ധിപ്പിക്കേണ്ട സാഹചര്യത്തെക്കുറിച്ചും അവര്‍ എടുത്തുപറഞ്ഞു. ‘ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കാനും വാക്‌സീനുകള്‍ വിതരണം ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വലിയ തോതിലുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് ആവശ്യമാണ്. ഒരു യു എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.