Kerala
കേരളത്തിലേക്ക് എം ഡി എം എ കടത്ത്; മലയാളി നഴ്‌സിങ്ങ് വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയില്‍
പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്

തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയില്‍. പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു കടത്ത് സംഘത്തിലെ കണ്ണിയാവുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ പെയിംഗ് ഗസ്റ്റായി താമസിച്ചാണ് അനു ലഹരി കച്ചവടം നടത്തിയിരുന്നത്. നഴ്‌സിംഗ് പഠനത്തിനായി ബെംഗളൂരിലേക്ക് പോയ അനു ലഹരി സംഘത്തിന്റെ വലയില്‍ പെട്ട് ആദ്യം ലഹരി ഉപയോഗിക്കാന്‍ തുടങ്ങുകയായിരുന്നു. പതിയെ പണം സമ്പാദിക്കാനായി ലഹരി വില്‍പ്പന സംഘത്തില്‍ കണ്ണിയായി മാറി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളുമായി അടുത്ത സൗഹൃദം സ്ഥാപിച്ചാണ് അനു ഇടപാടുകള്‍ നടത്തിയിരുന്നത്.
തിരുവനന്തപുരത്തേക്ക് 32 ഗ്രാം എം ഡി എം എ കടത്തുന്നതിനിടെ മുട്ടത്തറ സ്വദേശി ഗോപകുമാറിനെ കഴിഞ്ഞ ദിവസം ഫോര്‍ട്ട് പോലിസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മലയാളി പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചത്.
ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കുന്ന പാലാ സ്വദേശി അനുവില്‍ നിന്നാണ് 32 ഗ്രാം എം ഡി എം എ വാങ്ങിയതെന്ന് ഗോപകുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളേയും കൊണ്ടാണ് പോലീസ് ബെംഗളൂരിലേക്ക് പോയത്. അനുവിന്റെ താമസ സ്ഥലം കണ്ടെത്തി നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.