National
സിയാച്ചിനിൽ വൻ ഹിമപാതം; മൂന്ന് സൈനികർക്ക് വീരമൃത്യു
അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ
ലഡാക്ക് | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ബേസ് ക്യാമ്പിലുണ്ടായ വൻ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. ചൊവ്വാഴ്ചയാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണരേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഗ്ലേസിയറിൽ ഹിമപാതങ്ങൾ സാധാരണമാണ്. ഇവിടെ താപനില -60 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.
2021-ൽ സിയാച്ചിനിലെ ഹനീഫ് സബ്-സെക്ടറിലുണ്ടായ ഹിമപാതത്തിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മറ്റ് സൈനികരെയും പോർട്ടർമാരെയും രക്ഷപ്പെടുത്തിയിരുന്നു.
2019-ലുണ്ടായ മറ്റൊരു വലിയ ഹിമപാതത്തിൽ നാല് സൈനികരും രണ്ട് പോർട്ടർമാരും മരിച്ചിരുന്നു. 18,000 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന എട്ടംഗ സൈനിക സംഘത്തിന് നേരെയാണ് അന്ന് ഹിമപാതമുണ്ടായത്.

