Kozhikode
ദേശീയ സോഷ്യല്‍ വര്‍ക്ക് എക്സലന്‍സി പുരസ്‌കാരം മര്‍കസ് ലോ കോളജിന്
നിയമ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി ലോ കോളജുകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.
ഓള്‍ ഇന്ത്യാ സോഷ്യല്‍ വര്‍ക്ക് എക്സലന്‍സി അവാര്‍ഡ് ജസ്റ്റിസ് ബിജു എബ്രഹാം മര്‍കസ് ലോ കോളജ് പ്രതിനിധികള്‍ക്ക് സമ്മാനിക്കുന്നു.
കൊച്ചി | നിയമ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ലോ കോളജുകള്‍ക്ക് നല്‍കുന്ന ഓള്‍ ഇന്ത്യാ സോഷ്യല്‍ വര്‍ക്ക് എക്സലന്‍സി അവാര്‍ഡ്-2025 മര്‍കസ് ലോ കോളജിന് ലഭിച്ചു. രാജ്യത്തെ എഴുപതിലധികം ലോ കോളജുകളിലെ ലീഗല്‍ എയ്ഡ് കമ്മ്യൂണിറ്റി എംപവര്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എറണാകുളം ആസ്ഥാനമായ ജനിക ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കിയത്.
ഗോത്രവര്‍ഗ വിഭാഗങ്ങളുടെ വ്യക്തിഗത ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ഉന്നതികളിലെ പഠനം മുടങ്ങിയ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കൂളില്‍ തിരികെ എത്തിക്കല്‍, ഗാര്‍ഹിക പീഡന കേസുകളിലെ ഇരകള്‍ക്കുള്ള നിയമ സഹായം, ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ചുള്ള നിയമ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിച്ചത്.
ഗവ. ലോ കോളജ് എറണാകുളം, ഐ സി എഫ് ഐ ലോ കോളജ് ഹൈദരാബാദ് എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കേരള ഹൈകോടതിയിലെ ജസ്റ്റിസ് ബിജു എബ്രഹാമില്‍ നിന്ന് മര്‍കസ് ലോ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, അക്കാദമിക് കോര്‍ഡിനേറ്റര്‍ വി കെ റഊഫ്, ലീഗല്‍ എയ്ഡ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഇ കെ ജിന്‍ഷിയ, സ്റ്റുഡന്‍സ് കോഡിനേറ്റര്‍മാരായ ഖദീജ ലിയാന ബ്രാന്‍, എന്‍ അഫ്താബ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ജസ്റ്റിസ് വി എം ശ്യാം കുമാര്‍, പി ജസ്സിസ് ഗോപിനാഥ്, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഡയറക്ടര്‍ വി ജയരാജ്, ജനിക ഫൗണ്ടേഷന്‍ സ്ഥാപക അഡ്വ. ടീന ചെറിയാന്‍ സംബന്ധിച്ചു.


