Connect with us

National

മറാത്ത സംവരണ പ്രക്ഷോഭം: മനോജ് ജരാംഗെ-പാട്ടീൽ നിരാഹാര സമരം അവസാനിപ്പിച്ചു

മറാത്ത വിഭാഗത്തെ കുൻബി കർഷക സമൂഹമായി അംഗീകരിക്കുന്ന ഹൈദരാബാദ് ഗസറ്റ് നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ സമ്മതിച്ചു.

Published

|

Last Updated

മുംബൈ | മറാത്ത സംവരണ പ്രക്ഷോഭത്തിൽ വഴിത്തിരിവ്. പ്രധാന ആവശ്യം അംഗീകരിച്ചതിനെ തുടർന്ന് മറാത്താ നേതാവ് മനോജ് ജരാംഗെ-പാട്ടീൽ അഞ്ചുദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മറാത്ത വിഭാഗത്തെ കുൻബി കർഷക സമൂഹമായി അംഗീകരിക്കുന്ന ഹൈദരാബാദ് ഗസറ്റ് നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ സമ്മതിച്ചു. അതോടെ തങ്ങൾ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച ജരാംഗെ, സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

മറാത്താ സംവരണത്തിനായി പ്രതിഷേധിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാനും സർക്കാർ സമ്മതിച്ചിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ പ്രമേയം പുറത്തിറക്കിക്കഴിഞ്ഞാൽ രാത്രി 9 മണിയോടെ മുംബൈയിൽ നിന്ന് പ്രവർത്തകർ പിൻവാങ്ങുമെന്ന് ജരാംഗെ പറഞ്ഞു. മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ വെള്ളം നൽകിയാണ് ജരാംഗെയുടെ നിരാഹാര സമരം അവസാനിപ്പിച്ചത്.

“നിങ്ങളുടെ ശക്തികൊണ്ടാണ് ഞങ്ങൾ വിജയിച്ചത്, സാധാരണക്കാരന്റെ ശക്തി എന്താണെന്ന് എനിക്ക് ഇന്ന് മനസ്സിലായി,” മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജരാംഗെ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

മറാത്തവാഡ, പശ്ചിമ മഹാരാഷ്ട്ര മേഖലകളിലെ മറാത്തകൾക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ടാണ് ജരാംഗെ മുംബൈയിലെ ആസാദ് മൈതാനത്ത് നിരാഹാര സമരം നടത്തിയത്. സർക്കാർ ഇക്കാര്യത്തിൽ സജീവമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നേരത്തെ മനോജ് ജരാംഗെ-പാട്ടീലിനും അദ്ദേഹത്തിന്റെ അനുയായികൾക്കും ബോംബെ ഹൈക്കോടതി കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ആസാദ് മൈതാനം ഒഴിയണമെന്നും, അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി നിർദേശിച്ചിരുന്നു.

എന്താണ് ഹൈദരാബാദ് ഗസറ്റ്?

മറാത്താ സംവരണ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഹൈദരാബാദ് ഗസറ്റ് നടപ്പാക്കുക എന്നത്. ഈ ഗസറ്റനുസരിച്ച് മറാത്തവാഡ മേഖലയിലെ മറാത്തകളെ കുൻബി എന്ന കർഷക ജാതിയായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ മഹാരാഷ്ട്രയിലെ മറാത്തവാഡ പ്രദേശം മുൻപ് ഹൈദരാബാദ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ കുൻബി വിഭാഗത്തിന് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) കീഴിൽ ലഭിക്കുന്ന സംവരണം ലഭിക്കാൻ ഈ രേഖ സഹായിക്കുമെന്നാണ് ജരാംഗെയുടെ വാദം.

---- facebook comment plugin here -----

Latest