Connect with us

Kerala

അന്താരാഷ്ട്ര അറബിക് വായനാമത്സരം: മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥി ഇന്ത്യയെ പ്രതിനിധീകരിക്കും

ഒക്ടോബര്‍ 21 മുതല്‍ 23 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക

Published

|

Last Updated

മലപ്പുറം | ലോകത്തിലെ ഏറ്റവും വലിയ വായനാമത്സരമായ അറബ് റീഡിംഗ് ചാലഞ്ചിന്റെ ഒമ്പതാം സീസണിലെ ഫൈനല്‍ റൗണ്ടില്‍ മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് സാബിത്ത് ഇന്ത്യയെ പ്രതിനിധീകരിക്കും. ഒക്ടോബര്‍ 21 മുതല്‍ 23 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ 23ന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികളെ ആദരിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയാണ് മുഹമ്മദ് സാബിത്ത് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് രണ്ടാം സ്ഥാനത്തിന് അര്‍ഹനായ മഅ്ദിന്‍ വിദ്യാര്‍ഥി നാസിഹ് മുഹിയുദ്ദീനും മൂന്നാം സ്ഥാനക്കാരി ന്യൂഡല്‍ഹിയിലെ സഊദി സ്‌കൂളിലെ അസീസ അബ്ദുല്‍ മജീദും സാബിത്തിനോടൊപ്പം പങ്കെടുക്കും.

യു എ ഇയെ പടുത്തുയര്‍ത്തുന്നതില്‍ വായനയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ 2015 ല്‍ ആരംഭിച്ചതാണ് അറബിക് റീഡിംഗ് ചാലഞ്ച്. അഞ്ച് കോടി പുസ്തകങ്ങള്‍ വിദ്യാര്‍ഥികളെക്കൊണ്ട് വായിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ദുബൈല്‍ നടക്കുന്ന ഈ അന്താരാഷ്ട്ര മത്സരം വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അറബി ഭാഷയുടെ പ്രചാരണത്തിനും വലിയ പങ്കുവഹിക്കുന്നു. ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥിക്ക് 1.37 ലക്ഷം യു എസ് ഡോളര്‍ (ഏകദേശം 1.12 കോടി ഇന്ത്യന്‍ രൂപ) ഉള്‍പ്പെടെ, വ്യക്തിഗത തലത്തിലും മികച്ച സ്‌കൂള്‍, അധ്യാപകര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നീ വിഭാഗങ്ങളിലും വലിയ സമ്മാനത്തുക നല്‍കുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മഅ്ദിന്‍ മോഡല്‍ അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് സാബിത്ത് വാണിയമ്പലം ഷറഫുദ്ദീന്‍ – നസീബ ദമ്പതികളുടെ മകനാണ്. മഅ്ദിന്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ഥി നാസിഹ് മുഹ്‌യുദ്ധീന്‍ രണ്ടത്താണി സ്വദേശി മുഹമ്മദ് ബഷീര്‍ തൈക്കാട്ട് – താജുന്നിസാ ദമ്പതികളുടെ മകനാണ്.

മത്സരത്തില്‍ പങ്കെടുക്കുന്ന മഅ്ദിന്‍ വിദ്യാര്‍ഥികള്‍ ഇന്ന് ഉച്ചക്ക് 2.40 ന് കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് യാത്ര തിരിക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest