Kerala
വീട്ടമ്മയുടെ ആത്മഹത്യക്കു പിന്നില്‍ ലൈംഗിക പീഡനം; ഡി സി സി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു
ജീവനൊടുക്കിയ ബേക്കറി ഉടമയായ സ്ത്രീയുടെ ആത്മഹത്യാക്കുറിപ്പില്‍ ജോസ് ഫ്രാങ്ക്ളിന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നു വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ സസ്പെന്റ് ചെയ്തതെന്നു കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
ജീവനൊടുക്കിയ ബേക്കറി ഉടമയായ സ്ത്രീയുടെ ആത്മഹത്യാക്കുറിപ്പില്‍ ജോസ് ഫ്രാങ്ക്ളിന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നു വ്യക്തമാക്കിയിരുന്നു. മകനും മകള്‍ക്കും വേണ്ടി പ്രത്യേകം കത്തെഴുതിവെച്ചാണ് അവര്‍ ജീവനൊടുക്കിയത്. മകനെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ഭര്‍ത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ?, ലോണിന്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരുമെന്നും എപ്പോള്‍ കാണാമെന്നും ജോസ് ഫ്രാങ്ക്ളിന്‍ ചോദിക്കുമെന്ന് വീട്ടമ്മ തന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
തന്നെ ജീവിക്കാന്‍ ജോസ് ഫ്രാങ്ക്ളിന്‍ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കേണ്ടെന്നുകരുതുന്നതിനാല്‍ മരിക്കുന്നുവെന്നും വീട്ടമ്മ കുറിപ്പില്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസില്‍ നിന്ന് തീ പടര്‍ന്നായിരുന്നു മരണം. എന്നാല്‍ സംഭവം ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതി വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു.