Kerala
ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച സംഭവം; മധുര സ്വദേശിയായ പ്രതി കുറ്റസമ്മതം നടത്തി
പ്രതിയെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ടി ഫറാഷ് പറഞ്ഞു

തിരുവനന്തപുരം | കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐ ടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റസമ്മതം നടത്തി. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ടി ഫറാഷ് പറഞ്ഞു.
ലോറി ഡ്രൈവറായ പ്രതി ലോറിയുമായാണ് തിരുവനന്തപുരത്ത് എത്തിയത്. പ്രതിയെ കുറിച്ച് തുടക്കത്തില്‍ ഒരു വിവരവും ഉണ്ടായിരുന്നില്ല. സി സി ടി വി ക്യാമറകളും വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. മധുര സ്വദേശിയായ പ്രതി സംഭവത്തിനുശേഷം മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ പോലീസ് സംഘം മധുരയിലെത്തി സാഹസികമായാണ് പിടികൂടിയത്.
രണ്ട് ദിവസം മുന്‍പാണ് ഐ ടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഞെട്ടി ഉണര്‍ന്നപ്പോള്‍ പ്രതി ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തില്‍ യുവതി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്.
യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയില്‍ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടാ ആക്രമണത്തില്‍ ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെക്കുറിച്ച് ഒരു സൂചനയും നല്‍കാന്‍ യുവതിക്കു കഴിഞ്ഞിരുന്നില്ല. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.