Connect with us

Kerala

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി; നിരാഹാരസമരം അവസാനിപ്പിച്ച് മാവോയിസ്റ്റ് രൂപേഷ്

പത്തുവര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തില്‍ നിന്നും രൂപപ്പെട്ടതാണ് 'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന രൂപേഷിന്റെ പുതിയ നോവല്‍.

Published

|

Last Updated

 

തൃശൂര്‍| ജയിലില്‍വെച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരമിരുന്ന മാവോയിസ്റ്റ് രൂപേഷ് സമരം അവസാനിപ്പിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചതെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസോണേഴ്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പത്തുവര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തില്‍ നിന്നും രൂപപ്പെട്ടതാണ് ‘ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന രൂപേഷിന്റെ പുതിയ നോവല്‍. ഈ നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി രൂപേഷ് നിരാഹാര സമരത്തിലായിരുന്നു.

നോവലിന് പ്രസിദ്ധീകരണാനുമതി തേടി കഴിഞ്ഞ ആറുമാസക്കാലമായി വിവിധതരത്തിലുള്ള ഇടപടലുകള്‍ നടന്നിരുന്നു. കേരളത്തിലെ വിവിധ സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനോട് നോവലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. മേയ് 3 ന് തൃശൂര്‍ ആവിഷ്‌കാര സ്വാതന്ത്ര്യ കണ്‍വെന്‍ഷനും ‘ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. അതില്‍ രൂപേഷ് ജയിലില്‍ വച്ചെഴുതിയെ നോവലിന്റെ പ്രസിദ്ധീകരണ അനുമതി പ്രമേയമായി സര്‍ക്കാരിനോട് അവതരിപ്പിക്കുകയും ചെയ്തിരുന്നു. സാംസ്‌കാരിക പ്രമുഖര്‍ നോവലിന് അനുമതി കൊടുക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിവേദനം ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സിന്റെ പ്രവര്‍ത്തകര്‍ മാര്‍ച്ച് 22ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടുമാസത്തിനു ശേഷവും അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രൂപേഷ് നിരാഹാരം ആരംഭിച്ചതെന്ന് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് കണ്‍വീനര്‍ ഷൈന പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest