Career Notification
മാനേജ്‌മെന്റ് പഠനം: വിവിധ പ്രവേശന പരിക്ഷകള്‍
ജോലി സാധ്യതകൾ ഏറെയുള്ള പഠന മേഖല
മാനേജ്‌മെന്റ് പഠന പ്രോഗ്രാമുകളുടെ പ്രാധാന്യം ഇന്ന് വലിയ തോതിൽ വർധിച്ചിരിക്കുന്നു. ലോകത്തെമ്പാടും വിവിധ തുറകളിലെ ആധുനികതയിലേക്കുള്ള ചുവടുമാറ്റം ഇതിനനുസരിച്ചുള്ള പുതിയ മാനേജ്‌മെന്റ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ സ്ഥാപനങ്ങളെയും സംരഭകരെയും നിർബന്ധിതരാക്കി. അതോടെ നവീന മാനേജ്‌മെന്റ് സമീപനവും നടത്തിപ്പും സമന്വയിക്കുന്ന മാനേജ്‌മെന്റ് പഠന പ്രോഗ്രാമുകളുടെ പ്രാധാന്യവും ഏറിവന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഉയർന്ന ജോലി സാധ്യതകളും ഇത്തരം കോഴ്‌സുകളുടെ പ്രത്യേകതയാണ്.
പഠന പ്രോഗ്രാമിന്റെ പ്രത്യേകത
മത്സരാധിഷ്ഠിതമായ ബിസിനസ്സ് യുഗത്തിൽ മാനേജ്‌മെന്റ് പ്രൊഫഷനലാകണം. ഈ മേഖലയിലെ കോഴ്‌സുകളും അതിനനുസരിച്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനാൽ വിദ്യാർഥികളുടെ വിശകലന ബുദ്ധി, ആശയവിനിമ കഴിവുകൾ, പ്രശ്‌നപരിഹാര ശേഷികൾ തുടങ്ങിയവയുടെ വികാസത്തിന് സഹായിക്കുന്ന ഗുണനിലവാരം പുലർത്തുന്ന മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിലും കോഴ്‌സുകളിലും ചേരാനുള്ള ശ്രമവും പ്രധാനമാണ്. ഉയർന്ന അക്കാദമിക് നിലവാരം പുലർത്തുന്ന ഇത്തരം ബിസിനസ്സ് സ്‌കൂളുകളിൽ ഭൂരിപക്ഷവും അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷയിലൂടെയാണ് അവരുടെ പഠന പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. അത്തരം പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.
കോമൺ അഡ്മിഷൻ ടെസ്റ്റ്
ഏറ്റവും കൂടുൽ വിദ്യാർഥികൾ എഴുതുന്നതും അതേപോലെ പ്രാധാന്യമുള്ളതുമായ ഒരു മാനേജ്‌മെന്റ് പഠന പ്രവേശന പരീക്ഷയാണ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT-ക്യാറ്റ്). രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റു (ഐ ഐ എം)കളിലേക്കുള്ള പ്രവേശനം ഈ പരീക്ഷ വഴിയാണ്. കോഴിക്കോട്, ബെംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി തുടങ്ങി 21 ഐ ഐ എമ്മുകൾ ഉണ്ട്. ഈ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് പി ജി/ ഫെലോ/ ഗവേഷണ പ്രോ ഗ്രാമുകൾ എന്നിവയിലേക്ക് ക്യാറ്റ് വഴിയാണ് പ്രവേശനം. കൂടാതെ രാജ്യത്തെ മറ്റ് മുൻനിര മാനേജ്‌മെന്റ് പഠന സ്‌കൂളുകളും ക്യാറ്റ് സ്‌കോർ പരിഗണിച്ച് പ്രവേശനം നൽകുന്നുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ക്യാറ്റിന് അപേക്ഷിക്കാം. കൂടാതെ ഐ സി ഡബ്ല്യൂ എ)സി എ/സി എസ് തുടങ്ങിയ പരീക്ഷകൾ പാസ്സായവർക്കും അർഹതയുണ്ട്. വെബ്‌സൈറ്റ്:www.iimcat.ac.in
മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ആൾ ഇന്ത്യ മാനേജ്‌മെന്റ് അസ്സോസിയേഷൻ നടത്തുന്ന അഭിരുചി പരീക്ഷയാണിത്. വിവിധ സംസ്ഥാനങ്ങളിലെ 650ൽ പരം പ്രമുഖ സ്വകാര്യ/ സ്വാശ്രയ മാനേജ്‌മെന്റ് സ്ഥാപനങ്ങൾ അവരുടെ എം ബി എ തുടങ്ങിയ കോഴ്‌സുകളുടെ പ്രവേശനത്തിന് എ ഐ എം എ നടത്തുന്ന മാറ്റ് (MAT)പരീക്ഷ കണക്കിലെടുക്കുന്നു. ഒരു വർഷം നാല് തവണ ഈ പരീക്ഷ എഴുതാൻ അവസരമുണ്ടെന്ന പ്രത്യേകതയുമുണ്ട്. വെബ്‌സൈറ്റ്:www.mat.aima.in
കോമൺ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
ഇന്ത്യയിലെ പ്രവേശന പരീക്ഷകളുടെ പ്രധാന കേന്ദ്രീകൃത സ്ഥാപനമായ നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) നടത്തുന്ന ഈ പൊതുപ്രവേശന പരീക്ഷ മാനദണ്ഡമാക്കുന്ന എണ്ണൂറിലധികം സ്ഥാപനങ്ങളുണ്ട്. ഇവിടുത്തെ എം ബി എ/ പി ജി ഡി എം തുടങ്ങിയ കോഴ്‌സുകൾക്ക് ഈ പരീക്ഷയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിൽ ചേരാം. വെബ്‌സൈറ്റ്:exams.nta.ac.in/CMAT
ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ്
ഇന്ത്യക്ക് പുറത്തുള്ള പ്രധാന ബിസിനസ്സ് സ്‌കൂളുകളിൽ ചേരാനുള്ള യോഗ്യത നിശ്ചയിക്കുന്ന പരീക്ഷ. അമേരിക്കയിലെ ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷൻ കൗൺസിലാണ് ജി മാറ്റ് എന്നറിയപ്പെടുന്ന ഈ പരീക്ഷ വർഷത്തിൽ അഞ്ച് തവണ നടത്തുന്നത്. ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളും ജി മാറ്റ് സ്‌കോർ പരിഗണിക്കും. മാത്രമല്ല ജി മാറ്റ് സ്‌കോറിന് അഞ്ച് വർഷത്തെ സാധുതയുമുണ്ട്.
ആത്മ
അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾസ് ടെസ്റ്റ് ഫോർ മാനേജ്‌മെന്റ് അഡ്മിഷൻസ് ഇന്ത്യയിയിലും വിദേശത്തുമുള്ള മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിലെ പ്രവേശനനത്തിന് നടത്തുന്ന പരീക്ഷയാണിത്. ഒരു വർഷം നാല് തവണ പരീക്ഷ എഴുതാം. വെബ്‌സൈറ്റ്:www.atmaaims.com
കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ പഠന വകുപ്പുകൾ എം ബി എ കോഴ്‌സിന്റെ പ്രവേശനത്തിന് ഈ പരീക്ഷയുടെ സ്‌കോർ പരിഗണിക്കുന്നു. കോളജുകളും ഇതേ മാനദണ്ഡം പാലിക്കുന്നുണ്ട്. കേരള എൻട്രൻസ് കമ്മീഷണർ വർഷത്തിൽ രണ്ട് തവണ പരീക്ഷ നടത്തുന്നു. വെബ്‌സെറ്റ്:www.cee.kerala.gov.in
സി യു ഇ ടി പി ജി
കേന്ദ്ര സർവകലാശാലകളിലെ വിവിധ പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഈ പരീക്ഷ വഴിയാണ് ഇവിടുത്തെ എം ബി എ ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. വെബ്‌സൈറ്റ്:www.exams.nta.ac.in
മറ്റ് കാര്യങ്ങൾ
ഇത്തരം പരീക്ഷകളുടെ സിലബസ്സ് പൊതുവേ ഒന്നു തന്നെയാണെങ്കിലും വിശദാംശങ്ങൾ പ്രത്യേകം മനസ്സിലാക്കി തയ്യാറെടുപ്പ് നടത്തണം. ചില സ്ഥാപനങ്ങൾ വ്യതസ്ത പരീക്ഷകളിലെ യോഗ്യത കണക്കിലെടുക്കാറുണ്ട്. പ്രവേശന പരീക്ഷകളിൽ അനുയോജ്യമായ സ്‌കോർ ലഭിച്ചവർ വിവിധ സ്ഥാപനങ്ങൾ നൽകുന്ന പ്രവേശന വിജ്ഞാപനമനുസരിച്ച് അപേക്ഷ നൽകണം.


