National
'ഇന്ത്യ' മീറ്റിങ്ങിൽ പങ്കെടുക്കാത്തതിലെ കാരണം വിശദീകരിച്ച് മമത ബാനർജി
രാഹുൽ ഗാന്ധി വിളിച്ചപ്പോൾ പരിപാടിയെ കുറിച്ച് മുൻകൂട്ടി അറിയാത്തതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ആദ്യമേ നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും പറഞ്ഞതായി മമത

ന്യൂഡൽഹി | ഇന്ത്യ മുന്നണി യോഗത്തിൽ പങ്കെടുക്കാതിരുന്നതിലെ കാരണം വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിങ്കളാഴ്ച്ച ചേരാനിരുന്ന ഇന്ത്യ മുന്നണിയുടെ യോഗത്തെ കുറിച്ച് തന്നോട് ആരും പറഞ്ഞില്ലെന്ന് വ്യക്തമാക്കിയ മമത മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ആരുംതന്നെ ക്ഷണിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി വിളിച്ചപ്പോൾ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മമത അടുത്ത മുന്നണി യോഗം എപ്പോൾ തീരുമാനിച്ചാലും പങ്കെടുക്കുമെന്നും വ്യക്തമാക്കി.
രാഹുൽ ഗാന്ധി വിളിച്ചപ്പോൾ പരിപാടിയെ കുറിച്ച് മുൻകൂട്ടി അറിയാത്തതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ആദ്യമേ നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും പറഞ്ഞതായി മമത പറഞ്ഞു. അതേസമയം മീറ്റിങ്ങുകളിൽ പങ്കെടുക്കാത്ത മറ്റ് മുഖ്യമന്ത്രിമാർക്കും ഇതേ പ്രശ്‌നമായിരിക്കും നേരിട്ടതെന്നും മമത പറഞ്ഞു. ഇത്തരം മീറ്റിങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ഏഴോ പത്തോ ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിമാരെ അറിയിക്കണം. അല്ലാത്ത പക്ഷം ഉത്തരവാദിത്വപെട്ട കാര്യങ്ങൾ മാറ്റിവെച്ച് പെട്ടന്ന് വരാൻ സാധ്യമല്ലെന്നും മമത വ്യക്തമാക്കി.
നോർത്ത് ബംഗാൾ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പേ എൻ എസ്സി ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തൃണമൂൽ കോൺഗ്രസ് മേധാവി.