Kerala
മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതി; ഹിയറിങ് ഓഫീസറെ മാറ്റി
എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെയാണ് മുന്‍സിപ്പല്‍ സെക്രട്ടറി നടപടിയെടുത്തത്

മലപ്പുറം | മലപ്പുറം നഗരസഭയിലെ വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതിയില്‍ ഹിയറിങ് ഓഫീസറെ തല്‍സ്ഥാനത്തു നിന്നും മാറ്റി. എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെയാണ് മുന്‍സിപ്പല്‍ സെക്രട്ടറി നടപടിയെടുത്തത്. തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം കാണിച്ച് വോട്ട് ചേര്‍ത്തു എന്നതാണ് പരാതി.
മലപ്പുറം നഗരസഭയിലെ വോട്ട് ചേര്‍ക്കലില്‍ കൃത്രിമം നടന്നുവെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഷിബു അഹമ്മദിനെ ഹിയറിങ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. 18 വയസ് തികയാത്ത ആളുകളെ എസ്എസ്എല്‍സി രേഖകളിലെ വര്‍ഷത്തില്‍ കൃത്രിമം കാണിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നുള്ളതാണ് പരാതി. ഇങ്ങനെ 8 തെളിവുകള്‍ സഹിതം യുഡിഎഫ് ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. കലക്ടറും എസ്പിയും റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് മുന്‍സിപ്പല്‍ സെക്രട്ടറി നടപടിയെടുത്തത്. ഇത് സംബന്ധിച്ച് യുഡിഎഫ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.