Connect with us

Kerala

നരേന്ദ്ര മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾക്ക് ഒപ്പം ഭൂരിപക്ഷത്തെയും കൂടെ നിർത്തണം: എ കെ ആന്റണി

അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ലെന്നും ആന്റണി

Published

|

Last Updated

തിരുവനന്തപുരം |ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ ന്യൂനപക്ഷങ്ങൾക്ക് ഒപ്പം ഭൂരിപക്ഷ സമുദായങ്ങളെയും കൂടെ നിർത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. അതിലൂടെ മാത്രമേ നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ആന്റണി.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് ആന്റണി പറഞ്ഞു. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദിക്ക് അധികാരത്തില്‍ വരാനെ ഉപകരിക്കൂ. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാകുമെന്നും ഭാരതത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും അദ്ദേഹം പറഞ്ഞു. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടിഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പയറ്റുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.

സേവാദള്‍ വൊളന്റിയര്‍മാര്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ആന്‍റണി കോണ്‍ഗ്രസ് പതാക ഉയര്‍ത്തി. കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കെ.മുരളീധരന്‍ എംപി തുടങ്ങിയവർ പങ്കെടുത്തു.

Latest