International
ഐആര്‍ജിസി തലവനായി മജീദ് ഖദാമിയെ നിയമിച്ചു; മുഹമ്മദ് കസെമിക്ക് പകരക്കാരന്‍
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തെഹാറാന്‍ | ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പുതിയ ഇന്റലിജന്‍സ് മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ മജീദ് ഖദാമിയെ നിയമിച്ചു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ മുന്‍ സൈനിക മേധാവി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പുതിയ തലവനെ നിയമിച്ചിരിക്കുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) കമാന്‍ഡറായ മേജര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ ആണ് പുതിയ സൈനികരുടെ നിയമനം പ്രഖ്യാപിച്ചത്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂണ്‍ 15നാണ് ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് മുന്‍ സൈനിക മേധാവി മുഹമ്മദ് കസെമി, റവല്യൂഷണറി ഗാര്‍ഡ് ഓഫീസറായ ഹസ്സന്‍ മൊഹാഗെഗ്, മൊഹ്സെന്‍ ബാഗേരി എന്നിവര്‍ കൊല്ലപ്പെടുന്നത്. മുഹമ്മദ് കസെമിയ്ക്ക് പകരകാരനായാണ് മജീദ് ഖദാമിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഐആര്‍ജിസി ഇന്റലിജന്‍സിനെ നയിച്ച വര്‍ഷങ്ങളില്‍ ഇന്റലിജന്‍സിന്റെ എല്ലാ മേഖലകളിലും ഗണ്യമായ വളര്‍ച്ചയ്ക്കാണ് ഇറാന്‍ സാക്ഷ്യം വഹിച്ചതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ പറഞ്ഞു. നേരത്തെ ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഇന്റലിജന്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായി ജനറല്‍ മജീദ് ഖദാമി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 മുതല്‍ 2022 വരെ ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും സായുധ സേനാ സപ്പോര്‍ട്ടിന്റെയും ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായും ഖദാമി പ്രവര്‍ത്തിച്ചിരുന്നു




