Malappuram
മഅ്ദിന്‍ കാമ്പസ് സജ്ജം; സംസ്ഥാനതല ഹജ്ജ് ക്യാമ്പ് നാളെ സ്വലാത്ത് നഗറില്‍
കേരള ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പിനായി ഒരുക്കിയ വിശാലമായ പന്തലും കഅ്ബയുടെ മാതൃകയും.
മലപ്പുറം | സര്‍ക്കാര്‍, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പ് നാളെ (ഏപ്രില്‍ 22, ചൊവ്വ) രാവിലെ എട്ടു മുതല്‍ നടക്കും. വൈകിട്ട് അഞ്ചിന് സമാപിക്കും. കേരള ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.
പ്രമുഖ ഹജ്ജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഹജ്ജ് ഉംറ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നല്‍കും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി സംശയ നിവാരണം നടത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ എം എസ് അനസ് ഹാജി, അഡ്വ. മൊയ്തീന്‍ കുട്ടി, പി ടി അക്ബര്‍, അഷ്‌കര്‍ കോറാട്, ഹജ്ജ് കമ്മിറ്റി സംസ്ഥാന ട്രെയിനിംഗ് ഓര്‍ഗനൈസര്‍ പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ പ്രസംഗിക്കും.
വിദൂരത്ത് നിന്നുള്ള ഹാജിമാര്‍ ഇന്നലെ തന്നെ മഅ്ദിന്‍ കാമ്പസില്‍ എത്തിയിരുന്നു. ആദ്യ സംഘത്തെ മഅ്ദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, അബൂബക്കര്‍ സഖാഫി പൈത്തിനിപ്പറമ്പ്, നൂറുദ്ധീന്‍ അദനി, സഫീര്‍ കുറ്റിപ്പാല എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമായി എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. ഹജ്ജ് ക്യാമ്പ് ദിവസമായ ചൊവ്വാഴ്ച കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് സ്വലാത്ത് നഗറില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി മാതൃകാ കഅ്ബയുടെ സഹായത്തോടെ മഖാമു ഇബ്‌റാഹീം, സ്വര്‍ണപ്പാത്തി, കഅ്ബയുടെ മൂലകള്‍, ഹിജ്ര്‍ ഇസ്മാഈല്‍, ഹജറുല്‍ അസ്വദ് തുടങ്ങി കഅ്ബയുടെ വിവിധ ഭാഗങ്ങള്‍ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും. ഹാജിമാര്‍ക്ക് അലോസരങ്ങളില്ലാതെ ക്ലാസുകള്‍ വീക്ഷിക്കുന്നതിന് എല്‍ ഇ ഡി വാളുകള്‍ അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്‌റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാസ്ത, കഞ്ഞി, ഫ്രൂട്ട്‌സ്, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. മഅ്ദിന്‍ ഹോസ്പൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവുമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.
‘ഹജ്ജ്-ഉംറ കര്‍മം ചരിത്രം അനുഭവം’ എന്ന ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച പുസ്തകത്തിന്റെ ഏഴാം പതിപ്പ് പ്രകാശന കര്‍മവും ചടങ്ങില്‍ നടക്കും. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കര്‍മങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്റ് ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും പുസ്തകത്തിന്റെ പ്രത്യേകതയാണ്. ക്യൂആര്‍ കോഡിലൂടെ ദിക്റ് ദുആകള്‍ കേള്‍ക്കാനുള്ള സംവിധാനവും പുസ്തകത്തിലുണ്ട്. പരിപാടിയില്‍ നൂറുകണക്കിന് യതീം കുട്ടികള്‍, സാദാത്തുക്കള്‍, ഹിഫ്‌ള് വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9072310111, 9072310222.