Connect with us

Uae

ലോ പ്രഷർ സിസ്റ്റം: തയ്യാറെടുത്ത് ഫുജൈറ മുനിസിപ്പാലിറ്റി

അഞ്ച് പുതിയ പമ്പുകൾ സ്ഥാപിച്ചു

Published

|

Last Updated

ഫുജൈറ| രാജ്യത്ത് ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ മഴക്കെടുതികൾ നേരിടാൻ അഞ്ച് പുതിയ പമ്പുകളുമായി ഫുജൈറ മുനിസിപ്പാലിറ്റി. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പമ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രവർത്തിക്കാനും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് സൈഫ് അൽ അഫ്ഖാം പറഞ്ഞു.
ഫുജൈറ എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീമുമായി സഹകരിച്ചാണ് ഈ നടപടി. മഴക്ക് മുന്നോടിയായി മഴവെള്ള സംഭരണികളും ഡ്രെയിനേജ് ശൃംഖലകളും വൃത്തിയാക്കി. കൂടാതെ, സാഹചര്യം നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് ടീമുകളെ നിയോഗിച്ചു.

മുൻകാല മഴക്കാലങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതലുകൾ സ്വീകരിച്ചതെന്നും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കി ഗതാഗതം തടസ്സപ്പെടാതെ നോക്കാൻ സേവനദാതാക്കളുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ‌്സ് ഇനിഷ്യേറ്റീവ്‌സ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയുമായി ചേർന്നുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നിർമാണവും പൂർത്തിയാക്കിയതായി അൽ അഫ്ഖാം പറഞ്ഞു. എമിറേറ്റിനെ മൂന്ന് സെക്ടറുകളായി തിരിച്ച് 31.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ ശൃംഖലക്ക് 77 കിലോമീറ്റർ നീളമുണ്ട്.

 

Latest