Kerala
പ്രണയച്ചതി; 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം കാണക്കാരിയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

പത്തനംതിട്ട | പ്രണയബന്ധത്തിൽ പെടുത്തി 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അടൂര്‍ പോലീസ് പിടികൂടി. അടൂര്‍ പഴകുളം തെന്നാപ്പറമ്പ് മാവിള കിഴക്കേതില്‍ സുധി(21)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പെണ്‍കുട്ടിയും ബന്ധുവായ യുവാവും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ ഫോണില്‍ കണ്ട് പ്രകോപിതനായി സുധി കുട്ടിയെ മര്‍ദിക്കുകയും ഫോണ്‍ എറിഞ്ഞുടക്കുകയും തുടര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ കയറ്റി കോട്ടയത്തെ ലോഡ്ജില്‍ വച്ച് പിറ്റേന്ന് രാത്രി വരെ പലതവണ പീഡിപ്പിക്കുകയും ചെയ്തു.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്നുള്ള വിവരമനുസരിച്ച് വനിതാ പോലീസ് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക നടപടികള്‍ക്ക് ശേഷം കോട്ടയം കാണക്കാരിയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ രേഖപ്പെടുത്തി.
സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൊബൈല്‍ ഫോണും മറ്റും പോലീസ് പിടിച്ചെടുത്തു ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനയച്ചു. ഇയാളുടെ മോട്ടോര്‍ സൈക്കിള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.