Connect with us

Articles

തോറ്റവരും തോല്‍പ്പിച്ചവരും

സമ്പൂര്‍ണ പരാജയം മണത്ത ഭരണകൂടത്തിന് രാജ്യത്തെ മുഖ്യ ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ സഹായകമായി എന്ന കാര്യം നിഷേധിക്കാനാകില്ല. പരാജയഭീതി പൂണ്ട വിനിമയ ഭാഷയും ശരീരഭാഷയും പ്രധാന സേവകനില്‍ നിന്ന് പ്രകടമായപ്പോള്‍ ഭരണനഷ്ടം ഉണ്ടാകാതെ പിടിച്ചു നില്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകളും നീതിപീഠത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള വിധി തീര്‍പ്പുകളും കാരണമായിട്ടുണ്ടെന്നത് ആശങ്കയുണ്ടാക്കുന്ന യാഥാര്‍ഥ്യമാണ്.

Published

|

Last Updated

പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് കേവല ഭൂരിപക്ഷം നേടാനായെങ്കിലും യഥാര്‍ഥത്തില്‍ ജയിച്ചത് ‘ഇന്ത്യ’ സഖ്യമാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും എന്‍ ഡി എ മുന്നണിക്ക് ചുക്കാന്‍ പിടിക്കുന്ന ബി ജെ പി സ്വന്തമായി കേവല ഭൂരിപക്ഷം നേടിയിരുന്നല്ലോ. സഖ്യകക്ഷികള്‍ക്ക് അവിടെ വലിയ പ്രസക്തിയുണ്ടായിരുന്നില്ല. രാജ്യസഭയില്‍ ഭൂരിപക്ഷത്തിലെത്താന്‍ ബി ജെ പിക്ക് കഴിയാതിരിക്കെ അവിടെ പാസ്സാക്കേണ്ട ബില്ലെത്തുന്ന വേളകളില്‍ മാത്രമേ ബി ജെ പിയും മോദിയും ഘടക കക്ഷികളെ ഓര്‍ത്തുള്ളൂ. മറ്റെല്ലാം ഏകപക്ഷീയമായിരുന്നു. 2014ല്‍ സ്വന്തമായി കേവല ഭൂരിപക്ഷം നേടി ബി ജെ പി അധികാരമേല്‍ക്കുമ്പോള്‍ ഒരു ഒറ്റക്കക്ഷി കേവല ഭൂരിപക്ഷം നേടി ഇന്ദ്രപ്രസ്ഥത്തിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ടായിട്ടുണ്ടായിരുന്നു. സഖ്യ കക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ വീഴാതെ വാഴാനായിരുന്നു 2019ലും മോദിയുടെ നിയോഗം. അത് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുമായിരുന്നു. സീറ്റെണ്ണം കൂടുന്നത് ജനസമ്മതി വര്‍ധിച്ചതിന്റെ ഏകകമാണെന്നാണെങ്കില്‍ അധികാരം തലക്കുപിടിക്കാന്‍ വേറെയൊന്നും വേണ്ടതില്ല. അങ്ങനെയാണ് മോദി സര്‍ക്കാറിന്റെ രണ്ടാം അധികാരാരോഹണത്തിന് പിറകെ ഭരണഘടനയെ നെടുകെ പിളര്‍ത്തുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നത്. ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്നതും ഭരണഘടനാ സ്ഥാപനങ്ങളെ നിഷ്പ്രഭമാക്കുന്നതുമായ ഒട്ടേറെ ഇടപെടലുകള്‍ ഭരണകൂട കാര്‍മികത്വത്തില്‍ അനന്തരം നടക്കുകയുണ്ടായി. ശക്തമായ പ്രതിപക്ഷ കൂട്ടായ്മ ഉയര്‍ന്നുവരുന്നത് തടയാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരെ തന്നെ ജയിലിലടച്ച് ഏകാധിപത്യം ഫണം വിടര്‍ത്തി തുടങ്ങിയപ്പോഴാണ് 2024ല്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് ചെല്ലുന്നത്. അധികാരത്തിന്റെ സകല മെഷിനറികളും കൈവശം വെച്ച സമഗ്രാധിപത്യ ഭരണകൂടത്തോട് പ്രതിപക്ഷം രൂപപ്പെടുത്തിയ ‘ഇന്ത്യ’ സഖ്യം ഏറ്റുമുട്ടാനിറങ്ങിയപ്പോള്‍ ജനാധിപത്യ ഇന്ത്യക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. മുന്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തില്‍ ഇത്തവണ 400 സീറ്റില്‍ കുറഞ്ഞത് നമ്മെ തൃപ്തിപ്പെടുത്തില്ലെന്ന് ഭരണകൂടം പറയുകയും ചെയ്തു. പക്ഷേ ഫീല്‍ഡില്‍ ‘ഇന്ത്യ’ സഖ്യം കളി നിയന്ത്രിക്കുന്നതാണ് നാം കണ്ടത്. ഒടുവില്‍ കേവല ഭൂരിപക്ഷത്തോടടുത്ത കുതിപ്പിന് കഴിഞ്ഞു പ്രതിപക്ഷ സഖ്യത്തിന്. സ്വന്തമായി കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ ബി ജെ പി പിന്നാക്കം പോകുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഭാവിയെ അതിനിര്‍ണായകമായി സ്വാധീനിച്ച തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ എല്ലാ കുതന്ത്രങ്ങളെയും വിവിധ ന്യൂസ് ഏജന്‍സികളുടെ പ്രവചനങ്ങളെയും മൂലക്കിരുത്തിയ പ്രകടനം കാഴ്ചവെച്ച ‘ഇന്ത്യ’ മുന്നണി ഫീനിക്സ് പക്ഷിയെപ്പോലെ ഉദിച്ചുയരുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വേളയില്‍ ബി ജെ പി അവകാശപ്പെട്ടിരുന്നത് പോലെ 400ല്‍ അധികം സീറ്റുകള്‍ നേടി എന്‍ ഡി എ വിജയിക്കുകയായിരുന്നെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രവും അതിന്റെ നിദാനങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നത് എങ്ങനെയായിരിക്കുമെന്ന ആലോചനക്കിപ്പോള്‍ വലിയ പ്രസക്തിയുണ്ട്. കേവല ഭൂരിപക്ഷം നേടി ഭരിക്കാന്‍ കഴിയുമായിരുന്ന സീറ്റെണ്ണം ലഭിക്കുന്നതില്‍ പ്രതിപക്ഷ മുന്നണിക്ക് പ്രതിബന്ധമായത് എന്താണെന്നതും ആലോചനയര്‍ഹിക്കുന്നു. തിരഞ്ഞെടുപ്പ് പല ഘട്ടങ്ങളായി പുരോഗമിച്ചു കൊണ്ടിരിക്കെ പരാജയം സമ്മതിച്ചിരുന്നു നമ്മുടെ പ്രധാനമന്ത്രി എന്നോര്‍ക്കണം. അങ്ങനെയാണ് അദ്ദേഹം 400 സീറ്റെന്ന അവകാശവാദം വിഴുങ്ങുന്നത്. മോദി ഗ്യാരന്റിയില്‍ നിന്ന് കടുത്ത വര്‍ഗീയ പ്രചാരണങ്ങളിലേക്ക് കളം മാറ്റുന്നതും. സമ്പൂര്‍ണ പരാജയം മണത്ത ഭരണകൂടത്തിന് രാജ്യത്തെ മുഖ്യ ഭരണഘടനാ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ സഹായകമായി എന്ന കാര്യം നിഷേധിക്കാനാകില്ല. പരാജയഭീതി പൂണ്ട വിനിമയ ഭാഷയും ശരീരഭാഷയും പ്രധാന സേവകനില്‍ നിന്ന് പ്രകടമായപ്പോള്‍ ഭരണനഷ്ടം ഉണ്ടാകാതെ പിടിച്ചു നില്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകളും നീതിപീഠത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള വിധി തീര്‍പ്പുകളും കാരണമായിട്ടുണ്ടെന്നത് ആശങ്കയുണ്ടാക്കുന്ന യാഥാര്‍ഥ്യമാണ്. ബി ജെ പിയും എന്‍ ഡി എയും ഒലിച്ചുപോകുന്ന വിധത്തിലുള്ള പരാജയം ഉണ്ടാകാതിരുന്നതിലും ‘ഇന്ത്യ’ സഖ്യത്തിന് ഭരണം സാധ്യമാകുന്ന വിജയം നിഷേധിക്കപ്പെട്ടതിലും ജനാധിപത്യ ഇന്ത്യ ആശ്രയിക്കുന്ന പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ നടപടികള്‍ കാരണമായെങ്കില്‍, അവകാശവാദം പോലെ ബി ജെ പിക്ക് സമഗ്രാധിപത്യം പ്രദാനം ചെയ്യുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഭരണഘടനാപരമായും രാഷ്ട്രീയമായും അസാധാരണ സാഹചര്യം രാജ്യത്ത് ഉടലെടുക്കുമായിരുന്നു. സമ്പൂര്‍ണാധിപത്യത്തിന്റെ ബലത്തില്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള ശ്രമങ്ങളാരംഭിക്കുമ്പോള്‍ അതിന് കോടാലിക്കൈകളായത് രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെയാണെന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഗതിമാറ്റമായി വിലയിരുത്തപ്പെടുമായിരുന്നു. അപ്പോഴും രാജ്യത്തിന്റെ ഭരണഘടനയുടെ ആന്തരിക ശക്തിയാലും ജനതയിലേക്ക് പടര്‍ന്നു കയറിയതും എളുപ്പം പിഴുതെറിയാന്‍ കഴിയാത്തതുമായ ജനാധിപത്യ മതനിരപേക്ഷ ബോധ്യത്താലും പ്രതിരോധമുണ്ടാകുമെന്ന കാര്യമുറപ്പാണ്. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും വിചാരണ ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാകുമായിരുന്നു. കാര്യങ്ങള്‍ അതിലേക്കൊന്നും എത്താതെ പോയെന്ന ബോധ്യവും രാജ്യത്തെ ജനങ്ങളുടെ ജനാധിപത്യ മതനിരപേക്ഷക്കൂറും പൂര്‍ണമായും ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ പ്രാപ്തമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 18ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ തിരിച്ചറിവും അതാണ്.

പ്രധാനമന്ത്രിയുടെയും മറ്റു ബി ജെ പി നേതാക്കളുടെയും ഗുരുതര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. പ്രധാനമന്ത്രി കടുത്ത വര്‍ഗീയ അസംബന്ധങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കണ്ടില്ലെന്ന് നടിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാപക പരാതി ലഭിക്കുകയും കണ്ണില്‍ പൊടിയിടാനായി എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന നിലയിലെത്തുകയും ചെയ്തപ്പോള്‍ നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും അപഹസിക്കുന്ന നടപടിയാണ് കമ്മീഷനില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രി മോദിക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ നോട്ടീസയച്ചത് ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡക്കായിരുന്നു. നേരത്തേ പെരുമാറ്റച്ചട്ട ലംഘകരുടെ തന്നെ പേരില്‍ വിശദീകരണം തേടി അയച്ചിരുന്ന നോട്ടീസ് മോദിയിലെത്തിയപ്പോള്‍ പാര്‍ട്ടി പ്രസിഡന്റിനായിരുന്നു അയച്ചത്. അതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരിഞ്ഞ് നോക്കേണ്ടെന്ന് ബോധ്യപ്പെട്ട പ്രധാനമന്ത്രി വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളുമായി മുസ്ലിം വിരുദ്ധത കത്തിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ അതൊന്നും ജനതാ ദര്‍ബാറില്‍ പ്രതിഫലിച്ചില്ലെന്നത് വര്‍ഗീയതയെ ചട്ടുകമാക്കി തിരഞ്ഞെടുപ്പിനെ നേരിടാമെന്ന് കരുതുന്ന സകലര്‍ക്കും ഒപ്പം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനുമുള്ള പാഠമാണ്.

രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഘട്ടത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞ അസ്സോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് കേസ് ഏറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. വോട്ട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എണ്ണപ്പെട്ടു എന്നും ഉറപ്പുവരുത്തല്‍ വോട്ടര്‍മാരുടെ മൗലികാവകാശമാണെന്നുമാണ് പ്രസ്തുത കേസില്‍ പരമോന്നത നീതിപീഠം നിരീക്ഷിച്ചത്. പക്ഷേ അതിന് ഉതകുന്ന നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ നീതിപീഠം താത്പര്യം കാണിച്ചില്ല. വോട്ടറുടെ സമ്മതിദാന വിനിയോഗത്തിലെ സുതാര്യതയും കൃത്യതയും മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി മുഴുവന്‍ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ പിന്നെ വി വി പാറ്റ് സ്ലിപ്പ് പരിശോധിച്ച ശേഷം അത് ബോക്സിലിടാന്‍ വോട്ടറെ തന്നെ അനുവദിക്കണമെന്ന ആവശ്യത്തോടും അനുകൂല പ്രതികരണം ഉണ്ടായില്ല. മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ലല്ലോ. അത് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തല്‍ നീതിപീഠത്തിന്റെ ഉത്തരവാദിത്വമാണ്. പ്രതിവിധിയില്ലാത്ത ഏത് അവകാശ പ്രഖ്യാപനവും അര്‍ഥശൂന്യമാന്നെന്ന് പറയേണ്ടതില്ല.

സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും എണ്ണുകയും ചെയ്യുമ്പോള്‍ സുതാര്യതയും കൃത്യതയും വിട്ടുവീഴ്ച പാടില്ലാത്ത ഒരാവശ്യമാകുന്നു. കാരണം വോട്ടറെയും കോടതിയെയും സംബന്ധിച്ചിടത്തോളം നിഗൂഢമാണ് സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനങ്ങള്‍. അങ്ങനെയിരിക്കെ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിക്കൂ എന്നായിരുന്നു കോടതിക്ക് പറയാനുണ്ടായിരുന്നത്. കമ്മീഷനാണെങ്കില്‍ മറ്റു ചിലരില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടും പ്രവര്‍ത്തിക്കുന്നു. ഫലത്തില്‍ നമ്മുടെ മൗലികാവകാശം ഒരു കേവല വിശ്വാസത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്ന സ്ഥിതിയുണ്ടാകുന്നു.

ഇ വി എമ്മിനെക്കുറിച്ച് സുപ്രീം കോടതി നല്‍കിയ സാമാന്യ വിശദീകരണത്തില്‍ പോലും പിശകുണ്ടായിരുന്നു എന്നതും ഇവിടെ പ്രസ്താവ്യമാണ്. ഇ വി എം യൂനിറ്റുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നെന്നും നെറ്റ് വര്‍ക്കുമായി ബന്ധിപ്പിച്ചതല്ലെന്നും ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഇന്‍പുട്ട് സോഴ്സിനോ അതുമായി കണക്ട് ചെയ്യാന്‍ പറ്റില്ലെന്നും വിശദീകരിച്ചിരുന്നു നടേപറഞ്ഞ കേസില്‍ പരമോന്നത നീതിപീഠം. എന്നാല്‍ സിമ്പല്‍ ലോഡിംഗ് യൂനിറ്റ് ഇ വി എമ്മുമായി കണക്ട് ചെയ്യുന്നുണ്ടെന്നത് ലളിത സത്യമാണ്. ഒരു ഇന്‍പുട്ട് സോഴ്സാണല്ലോ സിമ്പല്‍ ലോഡിംഗ് യൂനിറ്റ്. അതായത് ഇ വി എമ്മിനെക്കുറിച്ച് നീതിപീഠത്തിന്റെ ബോധ്യം തന്നെ സമഗ്രമോ കൃത്യമോ അല്ലെന്ന് ചുരുക്കം.

ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമി നേരത്തേ ഫയല്‍ ചെയ്ത കേസിലാണ് സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് പേപ്പര്‍ ട്രയല്‍ വേണമെന്ന വിധിതീര്‍പ്പില്‍ സുപ്രീം കോടതിയെത്തിയത്. ഇ വി എമ്മില്‍ വോട്ടര്‍ക്ക് വിശ്വാസമുണ്ടാകണമെങ്കില്‍ പേപ്പര്‍ ട്രയല്‍ വേണമെന്നും പറഞ്ഞു നീതിപീഠം. ഇന്നിപ്പോള്‍ വി വി പാറ്റ് എണ്ണുക കൂടി വേണം തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കില്‍ എന്നാകുമ്പോള്‍ അതിന് വഴി തേടേണ്ടതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിക്കൂ എന്നും കമ്മീഷന് തീരുമാനമെടുക്കാമെന്നും പറഞ്ഞ കോടതി നമ്മുടെ മൗലികാവകാശത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെ ഒരു ഓപ്ഷനായി നിശ്ചയിക്കുകയാണ് ചെയ്തത്.

സമ്മതിദാന അവകാശം പൂര്‍ണാര്‍ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാകുമ്പോള്‍ മാത്രമാണ്. ഇന്നിപ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വോട്ടര്‍ക്ക് സന്ദേഹമുയര്‍ന്നാല്‍ അത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ക്ക് പകരം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നത് നീതിയാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിക്ക് തരക്കേടില്ലാത്ത വിജയമുണ്ടായി എന്നതിനാല്‍ ഇ വി എമ്മിനെക്കുറിച്ചുള്ള സകല ആശങ്കകളും എന്നെന്നേക്കുമായി അസ്ഥാനത്തായി എന്നും കരുതാന്‍ നിര്‍വാഹമില്ല. ഇ വി എമ്മിനെപ്രതി ഉയരുന്ന ആശങ്കകള്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടതാണ്. ആര് ജയിച്ചാലും ആ സാധ്യത നിലനില്‍ക്കുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിലെ ഇ വി എം കൃത്രിമത്തിന് പൂട്ടിടുക മാത്രമാണ് പരിഹാരം.

 

Latest