Connect with us

loka kerala sabha

ലോക കേരള സഭയും ബഹിഷ്‌കരണവും

മുഖ്യമന്ത്രിയോടോ ഭരണകക്ഷിയോടോ ഉള്ള രാഷ്ട്രീയ പക തീര്‍ക്കാന്‍ ലോക കേരള സഭ പോലുള്ള പരിപാടികളെ ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്കെന്ന പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും താങ്ങും തണലുമായി വര്‍ത്തിക്കുന്ന പ്രവാസലോകത്തോട് കാണിക്കുന്ന നന്ദികേടാണ്.

Published

|

Last Updated

വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയുണ്ടായി ലോക കേരള സഭ ബഹിഷ്‌കരിച്ച യു ഡി എഫ് നടപടി. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി ഉയര്‍ത്തിക്കാട്ടി സര്‍ക്കാറിനെതിരെ യു ഡി എഫ് സമരം നടത്തുന്നതിനിടെ മുന്നണി നേതാക്കള്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ സമരവീര്യത്തെ ബാധിക്കുമെന്ന ആശങ്കയാലാണ് മുന്നണി നേതൃത്വം പരിപാടിയുമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ കടുത്ത ധൂര്‍ത്താണ് പ്രവാസി സമ്മേളനമെന്നും യു ഡി എഫ് കുറ്റപ്പെടുത്തിയിരുന്നു.

യു ഡി എഫിന്റെ ഈ നിലപാടിനെതിരെ പ്രവാസ ലോകത്ത് കടുത്ത വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ലോക കേരള സഭയില്‍ പങ്കെടുത്ത് സംസാരിക്കവെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി യു ഡി എഫ് ബഹിഷ്‌കരണത്തിലും ധൂര്‍ത്ത് ആരോപണത്തിലും കടുത്ത ദുഃഖം രേഖപ്പെടുത്തി. വികസന കാര്യത്തിലും പ്രവാസികളുടെ കാര്യത്തിലും കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചായിരുന്നു മുന്‍ കാലങ്ങളില്‍. ഇന്ന് അത്തരത്തിലുള്ള ഐക്യം കാണുന്നില്ല. കെ കരുണാകരന്റെ കാലത്ത് തുടക്കം കുറിച്ച കൊച്ചി വിമാനത്താവളം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത് ഇ കെ നായനാരാണ്. വികസന കാര്യത്തില്‍ അവര്‍ കക്ഷിരാഷ്ട്രീയം മറന്ന് യോജിച്ചിരുന്നു. ഇപ്പോഴെന്താണെന്നറിയില്ല, അനാവശ്യമായ വിവാദങ്ങളുണ്ടാക്കുന്നു. എല്ലാറ്റിനെയും നെഗറ്റീവായി കാണുന്ന ഒരു വിഭാഗമുണ്ട്. തെറ്റു മാത്രം പറയുന്ന മാധ്യമങ്ങളുമുണ്ട്. കഥയില്‍ നിന്ന് കഥ സൃഷ്ടിക്കുകയാണവര്‍- അദ്ദേഹം തുടര്‍ന്നു.

സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ ധൂര്‍ത്തെന്നു കുറ്റപ്പെടുത്തി പ്രവാസികളുടെ മനസ്സ് വേദനിപ്പിക്കരുതെന്ന് പറഞ്ഞ യൂസുഫലി, സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് വന്ന പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതാണോ ധൂര്‍ത്തെന്ന് ചോദിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ച് പ്രവാസികളെ വേദനിപ്പിക്കരുത്. ഇവിടെ വന്നിരിക്കുന്നവര്‍ പണം ചെലവഴിക്കാന്‍ പറ്റാത്തവരല്ല. പ്രതിപക്ഷ സംഘടനകളുടെ ആളുകളും എത്തിയിട്ടുണ്ട് പരിപാടിയില്‍. തങ്ങളുടെ നേതാക്കളുടെ ബഹിഷ്‌കരണ നിലപാടില്‍ അവര്‍ ദുഃഖം രേഖപ്പെടുത്തുകയുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയരായ പ്രവാസികളുടെ പൊതുവേദി എന്ന നിലയില്‍ 2018ലാണ് സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. കേരള നിയമസഭ അംഗങ്ങള്‍, കേരളത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലിമെന്റ് അംഗങ്ങള്‍, കേരളീയ പ്രവാസികളെ പ്രതിനിധാനം ചെയ്യുന്ന 170 അംഗങ്ങള്‍ എന്നിങ്ങനെ 351 പേര്‍ ഉള്‍ക്കൊള്ളുന്നതാണ് ലോക കേരള സഭ. കേരളീയരുടെ പൊതുസംസ്‌കാരത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാനത്തിന് അകത്തുള്ളവര്‍ക്കെന്നതു പോലെ പുറത്തുള്ള കേരളീയര്‍ക്കും അര്‍ഥവത്തായ പങ്കാളിത്തം ഉറപ്പാക്കുക, ലോകമെമ്പാടുമുള്ള മലയാളികളുടെ കഴിവുകളും സാധ്യതകളും കേരളത്തിന്റെയും പ്രവാസ സമൂഹത്തിന്റെയും പുരോഗതിക്കു വേണ്ടി സ്വരൂപിക്കുക, പൊതുസമ്മതമായ കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് അനുഭാവപൂര്‍വമായ നടപടികള്‍ ശിപാര്‍ശ ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യം.

കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവരാണ് കേരളത്തിന്റെ സമ്പദ്്വ്യവസ്ഥയെ തകരാതെ കാത്തുസൂക്ഷിക്കുന്നത്. ഇന്ന് കാണുന്ന സമൃദ്ധിയിലേക്കു കേരളം വളര്‍ന്നതിനു പിന്നിലും ആഗോള പ്രശംസ നേടിയ കേരള വികസന മാതൃകയുടെ വിജയകരമായ നടത്തിപ്പിലും പ്രവാസികളുടെ പങ്ക് ഗണനീയമാണ്. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിന്റെ ഭൂരിഭാഗവും എത്തുന്നത് കേരളത്തിലേക്കാണ്. സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയിലുണ്ടായ വന്‍ തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത് വിദേശത്ത് നിന്നുള്ള പണത്തിന്റെ വരവ് കൊണ്ടായിരുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തൊഴില്‍ തേടി കേരളത്തിലെത്തുന്നതും ഇവിടേക്കെത്തുന്ന വിദേശ പണത്തിന്റെ ബലത്തിൽ തന്നെ. മഹാപ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുമ്പോള്‍ സഹായഹസ്തം നീട്ടുന്നതിലും മുന്‍പന്തിയില്‍ പ്രവാസികളാണ്. നാടിന്റെ വികസനത്തില്‍ മാത്രമല്ല, മത, സാംസ്‌കാരിക രംഗത്തും പ്രവാസികളുടെ സംഭാവനകള്‍ വളരെ വലുതാണ്.

ഇങ്ങനെ നാടിനെയും നാട്ടുകാരെയും കൈയയച്ചു സഹായിക്കുമ്പോഴും പ്രവാസ ലോകത്ത് അവര്‍ക്ക് പ്രശ്‌നങ്ങളും പ്രയാസങ്ങളും ഏറെയുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണവും കൊവിഡും അവരുടെ ഭാവിയില്‍ കൂടുതല്‍ ഇരുള്‍ പരത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ പ്രവാസ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനും പരിഭവങ്ങളും പരാതികളും ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താനും ലോക കേരള സഭ പോലുള്ള വേദികള്‍ ആവശ്യമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മൂന്നാം ലോക കേരള സഭയില്‍, ആഗോളതലത്തില്‍ പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനായി 15 സമാന്തര സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇത്തരമൊരു സുപ്രധാന പരിപാടി കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ബഹിഷ്‌കരിച്ചത് അവിവേകവും ചിന്താശൂന്യവുമായിപ്പോയി. മുഖ്യമന്ത്രിയോടോ ഭരണകക്ഷിയോടോ ഉള്ള രാഷ്ട്രീയ പക തീര്‍ക്കാന്‍ ലോക കേരള സഭ പോലുള്ള പരിപാടികളെ ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്കെന്ന പോലെ, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും താങ്ങും തണലുമായി വര്‍ത്തിക്കുന്ന പ്രവാസലോകത്തോട് കാണിക്കുന്ന നന്ദികേടാണ്. എം എ യൂസുഫലി ചൂണ്ടിക്കാട്ടിയതു പോലെ കേരളത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ അവര്‍ക്ക് താമസ, ഭക്ഷണ, യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതും ഫണ്ട് ശേഖരണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുനടക്കുന്നതും പ്രവാസികളാണ്. ഇതൊക്കെ മറന്നുകൊണ്ടുള്ള നീക്കങ്ങളും പ്രവര്‍ത്തനങ്ങളും ഒരു പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടാകരുത്.