Connect with us

Editors Pick

തുറുങ്കിലെ വെളിച്ചം; ഇസ്‌റാഈല്‍ തടവില്‍ ഇസ്‌ലാം സ്വീകരിച്ച് ഇറ്റാലിയന്‍ ക്യാപ്റ്റന്‍

തന്റെ മാറ്റം ഫലസ്തീന്‍ ജനതയ്ക്കും തന്റെ രാജ്യത്തിനും വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണെന്ന് ടോമാസോ ബൊര്‍ട്ടോളാസി. താന്‍ ഏറ്റെടുത്ത മാനുഷിക ദൗത്യത്തിന് പുതിയൊരര്‍ഥമാണ് ബൊര്‍ട്ടോളാസി.പകര്‍ന്നു നല്‍കിയത്. ഒരു മനുഷ്യസമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്കുള്ള അപ്രതിരോധ്യമായ മറുപടി കൂടിയാണിത്.

Published

|

Last Updated

മെഡിറ്ററേനിയന്‍ കടലിന് കുറുകെ, ഉപരോധിക്കപ്പെട്ട ഗസ്സായിലേക്ക് സഹായവുമായി നീങ്ങിയ ആ കപ്പല്‍വ്യൂഹം ചരിത്രത്തില്‍ ഇടംനേടിയ ഒരു ദൗത്യമായിരുന്നു. ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല എന്ന് പേരിട്ട ഈ കൂട്ടായ്മയില്‍ 44-ഓളം കപ്പലുകളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മനുഷ്യസ്നേഹികളും അണിനിരന്നു. ഗസ്സയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇറ്റാലിയന്‍ ആക്ടിവിസ്റ്റും, മരിയ ക്രിസ്റ്റിന്‍ എന്ന കപ്പലിന്റെ ക്യാപ്റ്റനുമായ ടോമാസോ ബൊര്‍ട്ടോളാസി ആ ദൗത്യത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

ആഗസ്റ്റ് 30-ന് ബാഴ്സലോണയില്‍ നിന്ന് തുടങ്ങിയ ആ യാത്ര, ഒക്ടോബര്‍ ഒന്ന് ബുധനാഴ്ച രാത്രിയോടെ ഇസ്‌റാഈലി സൈന്യത്തിന്റെ നിഷ്ഠൂരമായ ഇടപെടലോടെ അവസാനിച്ചു. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇസ്‌റാഈല്‍ നാവിക സേന ഫ്‌ളോട്ടില്ലയെ തടയുകയും ടോമാസോ ബൊര്‍ട്ടോളാസി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒടുവില്‍, ഒക്ടോബര്‍ നാല് ശനിയാഴ്ച അവരില്‍ ചിലരെ നാടുകടത്തി. ഇസ്‌റാഈലിന്റെ തടവറയില്‍ കഴിഞ്ഞ ദിവസങ്ങളാണ് ടോമാസോ ബൊര്‍ട്ടോളാസിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. അവിടെ അദ്ദേഹത്തോടൊപ്പം തടവിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തുര്‍ക്കിയില്‍ നിന്നുള്ള മുസ്‌ലിങ്ങളായിരുന്നു. അവരുടെ വിശ്വാസപരമായ പ്രതിബദ്ധത ടോമാസോയെ ആഴത്തില്‍ സ്വാധീനിച്ചു.
മോചിതനായ ശേഷം ഇറ്റാലിയന്‍ ക്യാപ്റ്റന്‍ തന്റെ തടവറ അനുഭവവും തുര്‍ക്കിഷ് സുഹൃത്തുക്കളുടെ വിശ്വാസവും തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചതെങ്ങനെയെന്ന് ഇസ്താംബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് വിവരിച്ചു.

‘എന്റെ കൂട്ടത്തില്‍ തുര്‍ക്കിക്കാരുണ്ടായിരുന്നു. മിക്കവാറും എല്ലാവരും മുസ്‌ലിങ്ങളായിരുന്നു. അവര്‍ പ്രാര്‍ഥിക്കുമ്പോള്‍ ഇസ്‌റാഈല്‍ പോലീസ് കടന്നുവന്ന് അവരെ തടഞ്ഞു.’ അദ്ദേഹം അന്തലു ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ആ നിമിഷം, അടിച്ചമര്‍ത്തലിനും വിശ്വാസപരമായ അതിക്രമങ്ങള്‍ക്കും നേരെയുള്ള ധീരമായ പ്രതിഷേധമായി ടോമാസോയുടെ മനസ്സ് മാറി. ആ പ്രതിഷേധം ഒരു പുതിയ വിശ്വാസത്തിലേക്കുള്ള വാതിലായി. ‘അതിനെ എതിര്‍ക്കണമെന്ന് എനിക്ക് തോന്നി, തുടര്‍ന്ന് എന്റെ സുഹൃത്തിനൊപ്പം ഞാന്‍ ശഹാദ ചൊല്ലി.’ ഇസ്‌ലാം മതം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ലോകത്തോട് പ്രഖ്യാപിച്ചു.

ഇസ്‌റാഈലിന്റെ തടവറയ്ക്കുള്ളില്‍, കേവലം ഒരു തടസ്സപ്പെടുത്തല്‍ ശ്രമത്തോടുള്ള പ്രതിഷേധമായി ഇസ്‌ലാം മതം സ്വീകരിച്ച ടോമാസോ ബൊര്‍ട്ടോളാസി, താന്‍ ഏറ്റെടുത്ത മാനുഷിക ദൗത്യത്തിന് പുതിയൊരര്‍ഥമാണ് പകര്‍ന്നു നല്‍കിയത്. ഒരു മനുഷ്യസമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്കുള്ള അപ്രതിരോധ്യമായ മറുപടി കൂടിയാണിത്. മോചിതനായി ഇസ്താംബൂളില്‍ വിമാനമിറങ്ങിയ ടോമാസോ, കറുപ്പും വെളുപ്പും നിറത്തിലുള്ള ഫലസ്തീന്‍ കെഫിയേ ധരിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ഫലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെ പ്രതീകമായ കെഫിയേ അണിഞ്ഞുകൊണ്ട് നടത്തിയ അദ്ദേഹത്തിന്റെ പ്രഖ്യാപനം വ്യാപകമായി പങ്കുവെക്കപ്പെട്ടു.

‘തന്റെ മാറ്റം ഫലസ്തീന്‍ ജനതയ്ക്കും തന്റെ രാജ്യത്തിനും വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര ദൗത്യത്തില്‍ പരാജയപ്പെട്ടെങ്കിലും തടവറയിലെ നിമിഷം ക്യാപ്റ്റന്‍ ടോമാസോയെ ആത്മീയവും രാഷ്ട്രീയവുമായ ഒരു പുതിയ പോരാട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

 

Latest