ck nanu
ജെ ഡി എസ് പ്രസിഡന്റ് ഞാനെന്നു സി കെ നാണു കത്തു നല്‍കി; മന്ത്രി കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എം എല്‍ എ എന്നിവര്‍ക്കു പ്രതിസന്ധി
നാണുവിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്ന് ഇ പി ജയരാജന്‍
തിരുവനന്തപുരം | ആരാണ് യഥാര്‍ഥ ജെ ഡി എസ് എന്ന വിഷയം കേരളത്തില്‍ ഇടതു മുന്നണിക്ക് തലവേദനയാവും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, തിരുവല്ല എം എല്‍ എ മാത്യു ടി തോമസ് എന്നിവര്‍ ഇടതു മന്നണിയില്‍ തുടരുന്നതിനെതിരായ നീക്കം മുതിര്‍ന്ന നേതാവ് സി കെ നാണു ആരംഭിച്ചു.
ദേവഗൗഡയെ പുറത്താക്കിയതിനാല്‍ താനാണ് പുതിയ പാര്‍ട്ടി അധ്യക്ഷനെന്നും എന്‍ ഡി എ വിരുദ്ധ ജെ ഡി എസ് തങ്ങളാണെന്നും വ്യക്തമാക്കി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് അദ്ദേഹം കത്ത് നല്‍കി. അല്ലാത്തവര്‍ക്ക് എല്‍ ഡി എഫില്‍ സ്ഥാനം ഇല്ലെന്നാണു കത്തില്‍ പറയുന്നത്. നാണുവിന്റെ കത്ത് ഈ മാസം അവസാനം ചേരുന്ന എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
ജെ ഡി എസ് എന്‍ ഡി എയില്‍ ചേര്‍ന്നപ്പോഴും ദേശീയനേതൃത്വത്തിന്റെ നിലപാടിനൊപ്പം ഇല്ലെന്ന് പറഞ്ഞാണ് ഇരുവരും സംസ്ഥാനത്ത് എല്‍ ഡി എഫില്‍ തുടരുന്നത്. ഇതിനോട് സി കെ നാണു കടുത്ത എതിര്‍പ്പാണ് അറിയിച്ചത്.
എന്‍ ഡി എയുടെ ഭാഗമായിരിക്കുന്ന പാര്‍ട്ടി സംസ്ഥാനത്ത് എല്‍ ഡി എഫില്‍ തുടരേണ്ടതില്ലെന്നും പുറത്തുവന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്നും അല്ലെങ്കിലും മറ്റേതങ്കിലും ജനതാ പാര്‍ട്ടിയില്‍ ലയിക്കണമെന്നുമാണ് സി കെ നാണുവിന്റെ ആവശ്യം. എന്നാല്‍, കൂറുമാറ്റ നിരോധനനിയമ പ്രകാരം അയോഗ്യരാവുമോ എന്ന ആശങ്കയുള്ളതിനാലാണ് കെ കൃഷ്ണന്‍ കുട്ടിക്കും മാത്യു ടി തോമസിനും ഈ നിലപാടിനൊപ്പം നില്‍ക്കാനാവാത്തത്.
സി കെ നാണു ബെംഗളൂരുവില്‍ ദേശീയ കൗണ്‍സില്‍ യോഗം വിളിച്ച് ദേവഗൗഡയെ പുറത്താക്കുകയും തുടര്‍ന്ന് ദേശീയ അധ്യക്ഷനായി നാണുവിനെ തെരഞ്ഞെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് നാണു കത്ത് നല്‍കിയത്.



