Articles
കുട്ടികൾ കാലത്തെ അതിജയിക്കട്ടെ

രാജാവും മന്ത്രിമാരും പരിവാരങ്ങളും തിങ്ങിനിറഞ്ഞ പൊതുവേദിയിൽ മല്ലന്മാരെയും ഗജങ്ങളെയും അശ്വങ്ങളെയും കീഴ്‌പ്പെടുത്തി വിജയശ്രീലാളിതരാകുന്ന കരുത്തന്മാർക്ക് സ്വർണവും പണക്കിഴികളും ചിലപ്പോൾ രാജകുമാരിയെ തന്നെയും നൽകുന്ന മത്സര ചരിത്രം ഗതകാല വായനകളിൽ നാം കണ്ടിട്ടുണ്ട്. ഇന്ത്യയുടെ മധ്യകാല ചരിത്രത്തിൽ കുറച്ചുകൂടി ബൗദ്ധിക മത്സരങ്ങൾക്ക് അക്ബർ ചക്രവർത്തിയുടെ ദർബാർ സാക്ഷിയായിട്ടുണ്ട്. ഓരോ ദിവസവും ഓരോ ചോദ്യങ്ങൾ പണ്ഡിറ്റുകളിലേക്ക് അക്ബർ എറിഞ്ഞു കൊടുത്തു. തല പുകഞ്ഞാലോചിച്ച് ഉത്തരം കണ്ടെത്തിയവർക്ക് വാരിക്കോരി സമ്മാനങ്ങൾ നൽകുക മാത്രമല്ല അക്ബർ ചെയ്തത്, അവരുടെ ആലോചനാ ലോകത്തെ ഉയർത്തുക കൂടിയായിരുന്നു.
പരീക്ഷകൾക്കും മത്സരങ്ങൾക്കും ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്നർഥം. പ്രാചീന ചൈനയിലും വിയറ്റ്‌നാമിലും ഈജിപ്തിലും ഭരണകൂടത്തിന്റെ സേവകനാകാൻ വാക്കാലും പിന്നീട് എഴുത്തിനാലും ഉള്ള പരീക്ഷകൾ നിദാനം ആക്കിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ചരിത്രം ആവർത്തിക്കപ്പെടുകയാണ്. പരീക്ഷകൾ പല രൂപത്തിൽ പല സംവിധാനങ്ങളിൽ ഇന്നും സജീവമാണ്. എന്തിനാണ് പരീക്ഷകളും മത്സര പരീക്ഷകളും? അറിവും കഴിവുകളും അഭിരുചികളും ശാരീരിക ക്ഷമതകളും പരീക്ഷകൾ വഴി അളക്കപ്പെടുന്നു.
2017ലെ ഒരു മെറ്റാ വിശകലനം സൂചിപ്പിക്കുന്നത് ഓരോ വർഷവും മനുഷ്യരുടെ ഐക്യു 1.5 പോയിന്റ് വർധിക്കുന്നുവെന്നാണ്. വിദ്യാഭ്യാസവും ബുദ്ധിയും പരസ്പരബന്ധിതമാണ്. ബുദ്ധി ഉപയോഗിച്ച് പഠിക്കാനും ആശയങ്ങൾ രൂപപ്പെടുത്താനും മനസ്സിലാക്കാനും യുക്തി പ്രയോഗിക്കാനും പാറ്റേണുകൾ തിരിച്ചറിയാനും ആസൂത്രണം ചെയ്യാനും നവീകരിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും തീരുമാനങ്ങൾ എടുക്കാനും ആവശ്യമായ വിവരങ്ങൾ നിലനിർത്താനും ആശയവിനിമയം നടത്താനും കഴിയണം.
മേൽപ്പറഞ്ഞ കാര്യങ്ങളിലെ കഴിവ് നമ്മുടെ കുട്ടികൾക്ക് എത്രമാത്രം ഉണ്ട് എന്നറിയാൻ നിരന്തരമായ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. രാജകൊട്ടാരത്തിലെ മത്സരത്തിനൊടുവിൽ രാജകുമാരിയെ സ്വന്തമാക്കുന്നതിന്റെ പുതിയ രൂപമാണ് മത്സര പരീക്ഷകളിലെ ജേതാവ് ഉന്നതങ്ങളിൽ എത്തുന്നത്. ചെറുതും വലുതുമായ പരീക്ഷകളിലൂടെ വിലയിരുത്തലുകളിലൂടെ നാം ചെയ്യുന്നത് നമ്മുടെ കുട്ടികളെ ഉന്നതങ്ങളിലേക്ക് പറക്കാൻ അവസരം സൃഷ്ടിക്കുക എന്നതാണ്.
കിട്ടിയ അറിവ് വെച്ച് ആശയ രൂപവത്കരണത്തിനും തീരുമാനങ്ങൾ എടുക്കാനും പ്ലാനിംഗ് ചെയ്യാനും അധിക വായനകളും ആയത്തിലുള്ള ഗ്രാഹ്യങ്ങളും വേണം. അതിനുള്ള പ്രചോദനം രക്ഷിതാക്കളും അധ്യാപകരും വിദ്യാലയങ്ങളും നൽകേണ്ടതുണ്ട്. നബി(സ) മക്കയിൽ ജനിച്ചു എന്ന സാമാന്യ വിവരം കിട്ടിയാൽ തൃപ്തിപ്പെടുന്ന കാലമല്ല ഇത്. എന്തുകൊണ്ട് മക്കയിൽ തന്നെ അവതരിപ്പിക്കപ്പെട്ടു എന്ന് പഠിക്കുന്നത് കുട്ടിക്ക് കൂടുതൽ ചരിത്ര ബോധവും ചിന്താ ഭാവങ്ങളും പ്രദാനിക്കുന്നു. കേവലം പാഠപുസ്തക വായനയിൽ നിന്ന് വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ആശയ ഗാംഭീര്യത്തിലേക്ക് കുട്ടിയുടെ ചിന്തകൾ ആഴ്ന്നിറങ്ങണം. അങ്ങനെയുള്ളവർക്കാണ് തലയെടുപ്പോടെ കാലിക ലോകത്തെ നേരിടാനാകുക.
ഈ പശ്ചാത്തലത്തിലാണ് സുന്നി വിദ്യാഭ്യാസ ബോർഡ് സ്മാർട്ട് സ്‌കോളർഷിപ്പ് എക്‌സാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള കേരളം, കർണാടക, ഓവർസീസ് സെക്ടറുകളിലെ കുട്ടികൾക്കാണ് അവസരം. സ്‌കൂൾ പാഠ്യ പദ്ധതികളെയും പൊതുവിജ്ഞാനങ്ങളെയും ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് 40% ശതമാനം. മത ഭൗതിക രംഗങ്ങളിലെ അറിവും കഴിവും നൈപുണിയും പ്രതിഫലിക്കത്തക്ക വിധം സമഗ്രവും മറ്റു മത്സര പരീക്ഷകളിൽ നിന്ന് വേറിട്ടു നിൽക്കുന്നതുമാണ് സ്മാർട്ട് പരീക്ഷ.
സംസ്ഥാന തലത്തിലെ ഉന്നത വിജയികൾക്ക് സ്വർണനാണയങ്ങൾ സമ്മാനിക്കുന്നു. പ്രിലിമിനറി പരീക്ഷക്ക് ശേഷം മെയിൻ പരീക്ഷയിൽ 80% സ്‌കോർ നേടുന്ന എല്ലാ കുട്ടികൾക്കും സ്‌കോളർഷിപ്പും അവാർഡും എന്നതിന് പുറമേ 60% മാർക്ക് നേടുന്നവർക്ക് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു. ഈ മാസം 15ന് മുമ്പ് കുട്ടികൾ സ്മാർട്ട് പരീക്ഷക്ക് അപേക്ഷിച്ചു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാൻ അവർ
പരിശീലിക്കട്ടെ.