Kerala
മാറിത്തരാം; പൊതുചര്‍ച്ചക്കിട്ട് അപമാനിക്കരുതെന്ന് കെ സുധാകരന്‍
എ കെ ആന്റണിയെ കണ്ട് കരുനീക്കം

തിരുവനന്തപുരം | കെ പി സിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാനാണ് തീരുമാനമെങ്കില്‍ മാറിത്തരാമെന്നും പൊതുചര്‍ച്ചക്കിട്ട് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും കെ സുധാകരന്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ കണ്ട് അഭ്യര്‍ഥിച്ചു.
തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചിലര്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. തന്നെ മാറ്റാനുള്ള കേന്ദ്ര തീരുമാനം എ കെ ആന്റണിയെ ഇടപെടുവിച്ച് മരവിപ്പിക്കാനാണ് കെ സുധാകരന്റെ അവസാന നീക്കം. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സുധാകരന്‍ ആന്റണിയെ കാണാനെത്തിയത്. മൂന്നേമുക്കാല്‍ വര്‍ഷം താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍ക്കും പരാതി പറയാനാവില്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ നിര്‍ണായകമായ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സമയത്താണ് കെ സുധാകരന്‍ എ കെ ആന്റണിയുടെ സഹായം തേടിയിരിക്കുന്നത്.
കെ പി സി സിക്ക് പുതിയ അധ്യക്ഷനെ എപ്പോള്‍ പ്രഖ്യാപിക്കണമെന്നു പാര്‍ട്ടി നിശ്ചയിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. തിങ്കളാഴ്ച പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. പാര്‍ട്ടി നേതൃത്വം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഇതുവരെ പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിനെതിരെ ഇപ്പോള്‍ നടക്കുന്ന മാധ്യമ പ്രചാരണം ശരിയല്ല.
റോബര്‍ട്ട് വധേര മത്സരിക്കും എന്നുവരെ വാര്‍ത്ത നല്‍കുന്നു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ തീരുമാനിക്കുള്ള അവകാശമെങ്കിലും മാധ്യമങ്ങള്‍ പാര്‍ട്ടി നല്‍കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.