Connect with us

Kerala

ലീഗ് ദേശീയ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍; കേരളത്തിലെ രാഷ്ട്രീയ സഖ്യം ചര്‍ച്ചയാവും

അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ തുടരാനാണു സാധ്യത

Published

|

Last Updated

ചെന്നൈ | മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളിലെ കെ എം സി സി കളില്‍ നിന്നുമായി 500ലധികം പ്രതിനിധികള്‍ ദേശിയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.

ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിനു പുറത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.
അഖിലേന്ത്യാ ഭാരവാഹികളായി പ്രസിഡന്റ് കെ എം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ തുടരാനാണു സാധ്യത. യുവാക്കള്‍ക്കും ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ക്കും പുതിയ കമ്മിറ്റിയില്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചേക്കും. ഇന്നലെ നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗം പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയരും. യു ഡി എഫിലുണ്ടായ നേതൃമാറ്റം ഗുണകരമാണെന്നാണ് ലീഗ് വിലയിരുത്തുന്നത്. എന്നാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട സുധാകരന്‍ തലവേദനയാവുമെന്ന ആശങ്ക ലീഗിനുണ്ട്. അപമാനിച്ചു പുറത്താക്കി എന്ന കെ സൂധാകരന്റെ വികാരത്തിനൊപ്പം നില്‍ക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസ്സിലുണ്ട്് എന്നതും ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്.

കേരളത്തില്‍ എസ് ഡി പി ഐ, ജമാഅത്തെ ഇസ്്‌ലാമി തുടങ്ങിയവ യു ഡി എഫുമായി സഹകരിക്കുന്ന സാഹചര്യമുണ്ട്. ഈ ബന്ധം യു ഡി എഫ് വിജയത്തില്‍ നിര്‍ണായകമാണെങ്കിലും ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വത്തെ അതു ബാധിച്ചേക്കുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എസ് ഡി പി ഐക്കും വെല്‍ഫെയല്‍ പാര്‍ട്ടിക്കുമെല്ലാം രാഷ്ട്രീയ മാന്യത നല്‍കുന്നത് ലീഗില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിനു വഴിവയ്ക്കുമെന്ന ആശങ്ക വിവിധ നേതാക്കള്‍ പങ്കു വയ്ക്കുന്നുണ്ട്. നേരത്തെ എസ് ഡി പി ഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് ലീഗിനുണ്ടായിരുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഇ കെ വിഭാഗം സ്വീകരിക്കുന്ന ശക്തമായ നിലപാടിനൊപ്പമായിരുന്നു ലീഗും. എന്നാല്‍ അടുത്ത കാലത്തായി ഇ കെ വിഭാഗത്തിന്റെ നിലപാടുകളെ ഗൗനിക്കാതെ ജമാഅത്തെ ഇസ്്‌ലാമിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്ന പാര്‍ട്ടി നിലപാടിനെതിരെയും വിമര്‍ശനം ശക്തമാണ്. തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് ഭാവിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നു വാദിക്കുന്നവരും പാര്‍ട്ടിയില്‍ ശക്തമാണ്. ഇത്തരം വിഷയങ്ങളില്‍ ദേശീയ കൗണ്‍സിലിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുന്നവരും ഏറെയാണ്.

ഡല്‍ഹിയില്‍ മുസ്ലിം ലീഗിന് ദേശീയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാക്കിയതും പൗരത്വ ബില്ല്, വഖഫ് ബില്ല് വിഷയങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതും വലിയ നേട്ടമായി നേതൃത്വം യോഗത്തില്‍ അവതരിപ്പിക്കും. ദേശീയതലത്തില്‍ യുവജന, വിദ്യാര്‍ത്ഥി, വനിത, തൊഴിലാളി പോഷക ഘടകങ്ങള്‍ക്ക് വലിയ വളര്‍ച്ചയുണ്ടായതായും ലീഗ് വിലയിരുത്തുന്നുണ്ട്. ഫാസിസ്റ്റ് വാഴ്ചക്കെതിരായ പോരാട്ടത്തില്‍ മുസ്ലിം,ന്യൂനപക്ഷ,ദളിത്, പിന്നാക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള രാഷ്ട്രീയ പ്രചാരണ പരിപാടികള്‍ക്ക് കൗണ്‍സില്‍ രൂപമേകും. എന്നാല്‍ ദേശീയ തലത്തില്‍ എസ് ഡി പി ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ വളര്‍ച്ച കൈവരിക്കാന്‍ നടത്തുന്ന നീക്കങ്ങളെ ആശങ്കയോടെയാണ് ലീഗ് കാണുന്നത്.

 

---- facebook comment plugin here -----

Latest