Connect with us

local body election 2025

മുഖാമുഖം പരിപാടിയിൽ കൊമ്പ് കോർത്ത് നേതാക്കൾ

പാർട്ടിയിൽ നിന്ന് നേരത്തേ പുറത്താക്കിയവരാണ് അവരെന്നും അവരെ റിബലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കണ്ണൂർ | തദ്ദേശപ്പോരിൽ കൊമ്പ് കോർത്ത് നേതാക്കൾ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച തദ്ദേശം 25 എന്ന പരിപാടിയിൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം പ്രകാശൻ, കെ പി സി സി അംഗം അഡ്വ. ടി ഒ മോഹനൻ, ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ്കെ വിനോദ് എന്നിവരാണ് വാദമുഖങ്ങളുമായി കൊമ്പ് കോർത്തത്. കോർപറേഷനിലെ റിബൽ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെ മൂന്ന് നേതാക്കളും നേരിട്ടുള്ള വാക്‌പോരുണ്ടായി. കോർപറേഷനിൽ 12 ഇടത്ത് കോൺഗ്രസ്സിൽ റിബൽ സ്ഥാനാർഥികളുണ്ടെന്നും മുന്നണിയിൽ തർക്കമാണെന്നും എം പ്രകാശൻ പറഞ്ഞത് ടി ഒ മോഹനൻ എതിർത്തു.

പാർട്ടിയിൽ നിന്ന് നേരത്തേ പുറത്താക്കിയവരാണ് അവരെന്നും അവരെ റിബലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. താളിക്കാവ് ഡിവിഷനിലെ സി പി എം റിബൽ പിന്മാറിയത് ഭീഷണി കാരണമാണെന്ന ടി ഒ മോഹനന്റ ആരോപണം എം പ്രകാശനെ ചൊടിപ്പിച്ചു. ഭീഷണിപ്പെടുത്തിയത് തെളിയിക്കാൻ അദ്ദേഹം പ്രകാശനെ വെല്ലുവിളിച്ചു. ഇതിനിടെ ബി ജെ പി സ്ഥാനാർഥിയെ പിന്താങ്ങിയയാളെ തട്ടിക്കൊണ്ടു പോയെന്ന വിനോദിന്റെ ആരോപണത്തെ തുടർന്ന് ഇരുവരും തമ്മിൽ അൽപ്പ സമയം തർക്കമുണ്ടായി. എൽ ഡി എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയം നേടാൻ സാധിക്കുമെന്ന ഉറപ്പുണ്ടെന്നും സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷക്കാലം കോർപറേഷനിലെ എൽ ഡി എഫ് കൗൺസിലർമാരോട് ശത്രുതാപരമായ നിലപാടാണ് യു ഡി എഫ് സ്വീകരിച്ചത്. മരക്കാർകണ്ടിയിലെ പ്ലാന്റിൽ ഞെട്ടിക്കുന്ന അഴിമതിയാണ് പുറത്തു വന്നത്. കണ്ണൂരിന്റെ മുഖഛായ മാറ്റാനുള്ള പദ്ധതികളായ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിക്കും ഫ്ലൈ ഓവർ ബ്രിഡ്ജിനും തടസ്സം നിൽക്കുകയായിരുന്നു കോർപറേഷൻ ഭരണാധികാരികൾ.

പദ്ധതി നടപ്പാക്കുന്നത് പണം ഉണ്ടാക്കാൻ വേണ്ടി മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ എന്ന നിലയിൽ നടപ്പാക്കാൻ നിർദേശിക്കുന്ന പദ്ധതികളൊന്നും കോർപറേഷൻ ഏറ്റെടുത്തില്ലെന്നുമാത്രമല്ല സ്വന്തം പദ്ധതികളുടെ പേരുപറഞ്ഞ് മുടക്കുകയും ചെയ്തു. എന്നാൽ സ്വന്തം പദ്ധതികൾപോലും വന്നില്ല. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിൽപോലും യു ഡി എഫ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോർപറേഷൻ ഭരണത്തിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്ന് ടി ഒ മോഹനൻ പറഞ്ഞു. മരക്കാർക്കണ്ടി പ്ലാന്റ് കരാറുമായി ബന്ധപ്പെട്ട വിഷയത്തിലും മറ്റും സംഭവിച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. അത് രാഷ്ട്രീയ ആയുധമാക്കപ്പെടുകയാണുണ്ടായത്. തദ്ദേശസ്ഥാപനങ്ങൾക്ക് കൃത്യമായ സമയത്ത് ഫണ്ട് സർക്കാർ അനുവദിച്ചില്ലെന്നും ടി ഒ മേഹനൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ചെലവഴിക്കുന്ന ഫണ്ടിന്റെ ഒരു ചെറിയ വിഹിതമെങ്കിലും കണ്ണൂർ ജില്ലാ ആസ്ഥാനത്തെ വികസനത്തിന് നൽകിയിരുന്നുവെങ്കിൽ മാറ്റമുണ്ടാക്കാമായിരുന്നു.

കാര്യ ക്ഷമതയില്ലാത്ത, കളങ്കിതരായ ഉദ്യോഗസ്ഥരെ കോർപറേഷനിൽ നിക്ഷേപിക്കുന്നത് കോർപറേഷനിൽ വികസനം മുടക്കാനാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസനം നടക്കണമെങ്കിൽ കോർപറേഷൻ ബി ജെ പി ഭരിക്കണമെന്ന് വിനോദ് കുമാർ പറഞ്ഞു.കേന്ദ്രം നൽകുന്ന പണം കൊണ്ടുള്ള വികസനം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ നരകപാതകളാണുള്ളത്. ശുദ്ധജല പ്ലാന്റുകൾ യാഥാർഥ്യമാകുന്നില്ല. പയ്യാമ്പലത്തെ ശ്മശാനത്തിന്റെ അവസ്ഥ ശോചനീയമാണ്. കോർപറേഷന് അൽപ്പം പോലും മാറ്റം സംഭവിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യമെന്നും കെ കെ വിനോദ് പറഞ്ഞു. പ്രസ്സ് ക്ലബ് വൈസ് പ്രസിഡന്റ്‌അനുമേരി ജേക്കബ് അധ്യക്ഷയായി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest