local body election 2025
അഞ്ചരക്കണ്ടി ഡിവിഷനില്‍ ആധിപത്യം നിലനിർത്താൻ എൽ ഡി എഫ്; അട്ടിമറിക്ക് യു ഡി എഫ്
അഞ്ചരക്കണ്ടി, ചെമ്പിലോട് കീഴല്ലൂർ, വേങ്ങാട് മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകളിലെ 42 വാർഡുകളാണ് അഞ്ചരക്കണ്ടി ഡിവിഷൻ പരിധിയിൽ വരുന്നത്
ചക്കരക്കൽ | അഞ്ചരക്കണ്ടി ഡിവിഷനിൽ ഇത്തവണ ഏറ്റുമുട്ടുന്നത് യുവത്വങ്ങൾ തമ്മിലാണ്. എൽ ഡി എഫ് സ്ഥാനാർഥിയായുള്ളത് സി പി ഐ എമ്മിലെ ഒ സി ബിന്ദുവാണ്. യു ഡി എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത് മുസ്‌ലിം ലീഗിലെ എൻ സി ജസ്‌ലീനയാണ്. എൻ ഡി എ മുന്നണിക്ക് വേണ്ടി ബി ജെ പി യിലെ ഷൈജ ശശിധരനും രംഗത്തുണ്ട്.
അഞ്ചരക്കണ്ടി, ചെമ്പിലോട് കീഴല്ലൂർ, വേങ്ങാട് മാങ്ങാട്ടിടം എന്നീ പഞ്ചായത്തുകളിലെ 42 വാർഡുകളാണ് അഞ്ചരക്കണ്ടി ഡിവിഷൻ പരിധിയിൽ വരുന്നത്. തലശ്ശേരി ബ്ലോക്കിലെ അഞ്ചരക്കണ്ടി, മുഴപ്പാല കൂത്തുപറമ്പ് ബ്ലോക്കിലെ മാങ്ങാട്ടിടം, വട്ടിപ്രം എടക്കാട് ബ്ലോക്കിലെ ചക്കരക്കൽ ഇരിട്ടി ബ്ലോക്കിലെ കീഴല്ലൂർ എന്നീ ബ്ലോക്ക് ഡിവിഷനുകളാണിവ.
പൊതുവെ ഇടതുപക്ഷത്തിന് ആധിപത്യമുള്ള ഡിവിഷനാണ് അഞ്ചരക്കണ്ടി. കഴിഞ്ഞ തവണ എൽ ഡി എഫ് നല്ല ഭൂരിപക്ഷത്തിന് വിജയിച്ച ഡിവിഷൻ കൂടിയാണിത്. എന്നാൽ കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ വാർഡുകളുടെ കാര്യത്തിൽ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മത്സരത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. യു ഡി എഫിന് കുറച്ചു കൂടി ഇടപെടാനും വോട്ട് വർധിപ്പിക്കാനും കഴിയുന്ന പശ്ചാത്തലം ഡിവിഷനിലുണ്ട്.
എൻ ഡി എ മുന്നണിക്ക് കാര്യമായ സ്വാധീനമില്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ എൽ ഡി എഫും യു ഡി എഫും നേർക്കു നേരെയാണ് മത്സരം.
ഭരണ നേട്ടവും ജില്ലാ പഞ്ചായത്ത് വികസന പദ്ധതികളും മുൻനിർത്തിയാണ് എൽ ഡി എഫ് പ്രചാരണം നടത്തുന്നത്.യു ഡി എഫ് ആകട്ടെ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടി ഡിവിഷന് കഴിഞ്ഞ കാലങ്ങളിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും ഇതിനൊരു മാറ്റത്തിനു വേണ്ടിയുള്ള വോട്ട് തേടിയാണ് വോട്ടർമാരെ സമീപിക്കുന്നത്.
സി പി ഐ എം മാങ്ങാട്ടിടം വെസ്റ്റ് ലോക്കൽ കമ്മിറ്റിഅംഗം, പാലിയേറ്റീവ് നേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, സി ഐ ടി യു സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥി ഒ സി ബിന്ദു. യു ഡി എഫ് സ്ഥാനാർഥിയായ എൻ സി ജസ്‌ലീന അധ്യാപികയും നിലവിൽ വേങ്ങാട് പഞ്ചായത്ത് അംഗവുമാണ്. വനിതാ ലീഗ് ധർമടം മണ്ഡലം വൈസ് പ്രസിഡന്റ്, കെ എ ടി എഫ് സംസ്ഥാന കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.



