local body election 2025
ചുവപ്പിന്റെ കോട്ടയിൽ ആധിപത്യമുറപ്പിക്കാൻ എൽ ഡി എഫ്
പട്ടുവം പഞ്ചായത്തിന്റെ ആകെയുള്ള 14 വാർഡുകൾ എന്നിവയുൾപ്പടെ 50 വാർഡുകളാണ് കണ്ണൂർ ജില്ല പഞ്ചായത്തിന്റെ ചെറുകുന്ന് ഡിവിഷനിലുള്ളത്.
പഴയങ്ങാടി | ഇടതുപക്ഷത്തിന്റെ ആറ് അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കണ്ണപുരം പഞ്ചായത്തിന്റെ ആകെയുള്ള 15 വാർഡുകൾ, ചെറുകുന്ന് പഞ്ചായത്തിലെ 12 വാർഡുകൾ, ഏഴോം ഗ്രാമ പഞ്ചായത്തിന്റെ ഒമ്പത് വാർഡുകൾ, പട്ടുവം പഞ്ചായത്തിന്റെ ആകെയുള്ള 14 വാർഡുകൾ എന്നിവയുൾപ്പടെ 50 വാർഡുകളാണ് കണ്ണൂർ ജില്ല പഞ്ചായത്തിന്റെ ചെറുകുന്ന് ഡിവിഷനിലുള്ളത്.
പുനർ നിർണയത്തോടെ ചെറുകുന്ന് ഡിവിഷനിൽ ഉൾപ്പെട്ട എല്ലാ ഗ്രാമ പഞ്ചായത്തുകളും ഇടതുപക്ഷ പഞ്ചായത്തുകളാണ്. ഡിവിഷനിലെ 50 വാർഡുകളിൽ പട്ടുവം പഞ്ചായത്തിലെ അഞ്ചും, ചെറുകുന്ന് പഞ്ചായത്തിലെ ഒന്നുമുൾപ്പടെ ആറ് വാർഡുകളിലാണ് യു ഡി എഫ് ആധിപത്യമുള്ളത്. പട്ടുവം ഗ്രാമപഞ്ചായത്തിൽ ഒരു വാർഡിൽ ബി ജെ പി വിജയിച്ചതാണ്. ബാക്കി വരുന്ന 43 വാർഡുകളും ഇടതു പക്ഷ ശക്തികേന്ദ്രങ്ങളാണ്. അതിനാൽ തന്നെ ആധിപത്യമുറപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇത് എൽ ഡി എഫിന്. കല്യാശ്ശേരി എം എൽ എയുടെ വികസനപ്രവർത്തനങ്ങൾ ഉൾപെടെ ഇടുപക്ഷഭരണത്തിലെ നേട്ടങ്ങൾഉയർത്തികാട്ടിയാണ് വോട്ടുതേടൽ.
\kannഡിവിഷന്റെ പുനർ നിർണയത്തിനു മുമ്പ്, കഴിഞ്ഞ തവണ യു ഡി എഫിന് ആധിപത്യമുള്ള മാട്ടൂൽ, മാടായി പഞ്ചായത്തുകൾ കൂടി ഉൾപ്പെട്ട ചെറുകുന്ന് ഡിവിഷനിൽ മുസ്്ലിം ലീഗിന്റെ എസ് കെ ആബിദ വിജയിച്ചത് 10, 431 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 47809 വോട്ടർമാരാണ് ഇപ്പോൾ ചെറുകുന്ന് ഡിവിഷനിലുള്ളത്.
എൽ ഡി എഫ് സ്ഥാനാർഥിയായി സി പി എമ്മിന്റെ എം വി ഷിമയാണ് മത്സരിക്കുന്നത്. ഏഴോമിൽ താമസിക്കുന്ന ഷിമ അഖിലേന്ത്യ ജനാധിപത്യ മഹിള അസ്സോസിയേഷൻ മാടായി ഏരിയ സെക്രട്ടറിയും സി പി എം ഏഴോം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ സർവകലാശാല യുനിയൻ വൈസ് ചെയർപേർസൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഷിമയുടെ കന്നിയങ്കമാണിത്.
കോൺഗ്രസ്സിലെ ടി ഷിജിമോൾ യു ഡി എഫ് സ്ഥാനാർഥിയായി മസ്സരിക്കുന്നു. മടക്കരയിലെ മഹിള കോൺഗ്രസ്സ് യൂനിറ്റ് പ്രസിഡന്റാണ്. മാട്ടൂൽ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗമായ ഷിജിമോൾ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാട്ടൂൽ മടക്കര സ്വദേശിയാണ്.
മയ്യിൽ സ്വദേശിനി സാവിത്രിയമ്മ കേശവൻ ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബി ജെ പി കണ്ണൂർ നോർത്ത് ജില്ല വൈസ് പ്രസിഡന്റാണ്. ജില്ല പഞ്ചായത്ത് മയ്യിൽ ഡിവിഷനിൽ നിന്ന് കഴിഞ്ഞ തവണ ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.



