Kerala
അഭിഭാഷകയ്ക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്
അച്ചടക്ക നടപടി കഴിയുന്നതു വരെ കോടതികളില്‍ ഹാജരാകരുത്.

തിരുവനന്തപുരം | വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സില്‍. അച്ചടക്ക നടപടി കഴിയുന്നതു വരെ കോടതികളില്‍ ഹാജരാകുന്നതില്‍ നിന്ന് ബെയ്‌ലിന്‍ ദാസിനെ വിലക്കി. ബെയ്‌ലിന്‍ ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.
അഡ്വ. ശ്യാമിലി ജസ്റ്റിനാണ് മര്‍ദനമേറ്റത്. ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ട്. മര്‍ദിച്ചതിന്റെ കാരണം കൃത്യമായി അറിയില്ലെന്നാണ് ശ്യാമിലി പറയുന്നത്. തന്നെ കൂടാതെ ബെയ്‌ലിന്റെ കൂടെ ജൂനിയറായി വന്നയാള്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയ്‌ലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയ്ലിന്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം ശ്യാമിലി ഓഫീസില്‍ പോയില്ല. പിന്നീട് ഈ വിഷയത്തില്‍ ബെയിലിന്‍ ശ്യാമിലിയോട് ക്ഷമ ചോദിച്ചിരുന്നതായും പറയുന്നു. തുടര്‍ന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു.
പുതിയതായി വന്ന ജൂനിയറിനോട് തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെട്ടതാണ് ബെയ്‌ലിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. അക്രമത്തില്‍ വഞ്ചിയൂര്‍ പോലീസിനും ബാര്‍ അസോസിയേഷനും ശ്യാമിലി പരാതി നല്‍കിയിരുന്നു.