Connect with us

Kuwait

കുവൈത്തില്‍ മാതാപിതാക്കള്‍ക്കുള്ള ആശ്രിത വിസക്കും സന്ദര്‍ശന വിസക്കും കാലതാമസം നേരിടുന്നു; റിപോര്‍ട്ട്

പ്രായമായവരോ വിധവകളോ ആയ മാതാപിതാക്കളെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള അപേക്ഷകള്‍ പോലും നിരസിക്കുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ പ്രവാസികളുടെ മാതാപിതാക്കള്‍ക്കുള്ള ആശ്രിത വിസ അനുവദിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപോര്‍ട്ട്. പ്രായമായവരോ വിധവകളോ ആയ മാതാപിതാക്കളെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആശ്രിത വിസയില്‍ കൊണ്ടുവരുന്നതിനുള്ള അപേക്ഷകള്‍ പോലും നിരസിക്കുന്നതായാണ് പ്രാദേശിക ദിനപത്രം റിപോര്‍ട്ട് ചെയ്തത്. അതേസമയം, ഭാര്യ, മക്കള്‍ എന്നിവരെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നുമുണ്ട്.

വിദേശികളുടെ കുടുംബവിസയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ആഭ്യന്തര മന്ത്രാലയം ഉദാരമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി വിധവ ആയോ അല്ലെങ്കില്‍ തനിച്ചായോ നാട്ടില്‍ കഴിയുന്ന മാതാപിതാക്കളെ പരിപാലിക്കാന്‍ മാറ്റരുമില്ലാത്തവര്‍ക്ക് അവരെ ആശ്രിത വിസയില്‍ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി നല്‍കിയിരുന്നു. മാതാവിന്റെയോ പിതാവിന്റെയോ മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ അതോടൊപ്പം അപേക്ഷകന്റെ ശമ്പള സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍, സിവില്‍ ഐ ഡി വര്‍ക്ക് പെര്‍മിറ്റ് എന്നിവയോടൊപ്പം വരുന്ന ആളിന്റെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ രേഖകളാണ് ഇതോടൊപ്പം സമര്‍പ്പിക്കേണ്ടത്. എന്നാല്‍, ഇത്തരത്തില്‍ പൂര്‍ണമായും വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള പല അപേക്ഷകളും നിരസിച്ചതായാണ് റിപ്പോര്‍ട്ട്. അതോടൊപ്പം കുടുംബ സന്ദര്‍ശക വിസക്കും കാലതാമസം നേരിടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

സാധാരണ നിലയില്‍ അപേക്ഷ സമര്‍പ്പിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനകം ലഭിച്ചിരുന്ന കുടുംബസന്ദര്‍ശക വിസക്ക് നിലവില്‍ ഒരുമാസത്തോളം കാലതാമസം വരുന്നുണ്ടെന്നാണ് പരാതി. കുവൈത്തിന്റെ വിനോദ സഞ്ചാരമേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് സര്‍ക്കാര്‍ ഈ വരുന്ന നവംബര്‍ ആദ്യത്തോടെ കുവൈത്ത് വിസിറ്റ് എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കുകയാണ്. ഇതോടെ എല്ലാതരം സന്ദര്‍ശന വിസാ അപേക്ഷകളും കുവൈത്ത് വിസിറ്റ് പ്ലാറ്റ്‌ഫോം എന്ന ഒറ്റക്കുടക്കീഴിലാകും. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കാലതാമസം എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

 

---- facebook comment plugin here -----

Latest