International
ഗസ്സയിൽ സഹായട്രക്കുകൾക്ക് നിയന്ത്രണം തുടർന്ന് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിലെ ഗ്രാമത്തിലേക്കുള്ള പ്രവേശനം അടച്ചു
ഗസ്സയിലേക്ക് എത്തേണ്ട സഹായ ട്രക്കുകളിൽ പകുതി മാത്രമാണ് കടത്തിവിടുന്നത്

ജറുസലേം | വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഒരാഴ്ചയോടടുക്കുമ്പോഴും, ഇസ്റാഈൽ ഗസ്സയിലേക്ക് കടത്തിവിടുന്ന സഹായ ട്രക്കുകളുടെ എണ്ണത്തിൽ നിയന്ത്രണം തുടരുന്നു. ഉടമ്പടി പ്രകാരമുള്ള ഏറ്റവും കുറഞ്ഞ എണ്ണത്തിന്റെ പകുതിയായ 300 ട്രക്കുകൾ മാത്രമേ അനുവദിക്കൂ എന്നാണ് ഇസ്റാഈൽ ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുള്ളത്. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചു എന്നും, 20 ബന്ദികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഗസ്സയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ഇസ്റാഈൽ നടപടി.
വെടിനിർത്തൽ നിലവിൽ വന്ന ആദ്യ ദിവസം മുതൽക്കേ കരാറിൽ ധാരണയായ എണ്ണം സഹായ ട്രക്കുകൾ ഗസ്സയിലേക്ക് അനുവദിച്ചിട്ടില്ല. വേൾഡ് ഫുഡ് പ്രോഗ്രാമിൽ (ഡബ്ള്യു എഫ് പി.) നിന്ന് 137 സഹായ ട്രക്കുകൾ ഗസ്സയിലേക്ക് എത്തിച്ചതായി അറിയിച്ചിട്ടുണ്ട്. ഇവയിൽ കൂടുതലും പലസ്തീനികൾക്ക് കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും നിലനിൽപ്പിന് ആവശ്യമായ മാവും മറ്റ് മാനുഷിക സഹായങ്ങളുമാണ് ഉണ്ടായിരുന്നത്.
നിലവിലെ സാഹചര്യങ്ങൾ ശാന്തമായി തുടരുകയാണെങ്കിലും, സഹായ വിതരണത്തിന്റെ കാര്യത്തിൽ ഇസ്റാഈൽ നിയന്ത്രണം തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ബന്ദികളെയും കൈമാറിക്കഴിഞ്ഞാൽ ഇസ്റാഈൽ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെക്കുറിച്ചുള്ള ഭയവും ഫലസ്തീൻ ജനതക്കിടയിലുണ്ട്.
വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകൾ ട്രംപിന്റെ മധ്യസ്ഥതയിൽ ആരംഭിച്ചതായി വിവരമുണ്ട്. വെടിനിർത്തൽ സുസ്ഥിരമായി തുടരുന്നതിനുള്ള വ്യക്തമായ ഫലങ്ങൾക്കായി ജനങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ അൽ-മുഗ്ഗയ്യിർ ഗ്രാമത്തിലേക്കുള്ള പ്രവേശനം ഇസ്റാഈൽ സൈന്യം അടച്ചു. ഗ്രാമത്തിന്റെ പടിഞ്ഞാറൻ കവാടമാണ് സൈന്യം അടച്ചതെന്ന് അൽ-മുഗ്ഗയ്യിർ വില്ലേജ് കൗൺസിൽ മേധാവി അമീൻ അബു അലിയ വഫ വാർത്താ ഏജൻസിയോട് പറഞ്ഞു.
2023 ഒക്ടോബർ 7 ന് ഗസ്സയിൽ യുദ്ധം ആരംഭിച്ചതു മുതൽ ഇസ്റാഈൽ സൈന്യം ഗ്രാമത്തിന്റെ കിഴക്കൻ കവാടം അടച്ചിരുന്നു. അതുകൊണ്ട്, നിലവിൽ പടിഞ്ഞാറൻ കവാടമാണ് ഗ്രാമത്തിലേക്കുള്ള ഏക പ്രവേശന മാർഗ്ഗം. ഇത് അടച്ചതോടെ ഫലസ്തീനികൾക്ക് ഗ്രാമത്തിലേക്ക് പ്രവേശിക്കാനോ അവിടെ നിന്ന് പുറത്തുകടക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.