Kerala
ഹിജാബ് വിവാദം: സമവായമുണ്ടെങ്കില്‍ അത് നല്ലതെന്ന് മന്ത്രി, വിദ്യാഭ്യാസ വകുപ്പിന്റെ റിപോര്‍ട്ട് സത്യവിരുദ്ധമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
വിഷയത്തില്‍ മാനേജ്‌മെന്റിനോട് വിശദീകരണം ചോദിക്കുമെന്നും പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി. വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ്.

കൊച്ചി | പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ തലത്തില്‍ സമവായമുണ്ടായെങ്കില്‍ അത് നല്ലതാണെന്ന പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമവായമുണ്ടെങ്കില്‍ പ്രശ്‌നം അങ്ങനെ തീരട്ടെയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ മാനേജ്‌മെന്റിനോട് വിശദീകരണം ചോദിക്കുമെന്നും പഠനം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിദ്യാഭ്യാസ മന്ത്രിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്സ് രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വിവേകത്തോടെയാവണം നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്ന് ഫാ. ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന പ്രശ്‌നം വഷളാക്കാനേ സഹായിക്കൂ. പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞതിനു ശേഷം മന്ത്രി വിവേകമില്ലാത്ത പ്രസ്താവന നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്ന് സ്‌കൂള്‍ അധികൃതരും ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ ഡി ഡി ഇ ഓഫീസില്‍ നിന്നുള്ള റിപോര്‍ട്ട് സത്യവിരുദ്ധമാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു. സര്‍ക്കാരിന് വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ട്. കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടില്ല. നിരവധി മുസ്‌ലിം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്‌കൂളിന്റേതായ സമാനനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. കുട്ടിയുടെ പിതാവിനെ ഉടന്‍ കാണുമെന്നും ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.