Connect with us

Saudi Arabia

കിംഗ് സല്‍മാന്‍ ഗേറ്റ്: മക്കയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് തുടക്കം

മസ്ജിദുല്‍ഹറമിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലക്ഷ്യമിട്ടുള്ള ബഹുമുഖ വികസന പദ്ധതിക്കാണ് തുടക്കമായത്.

Published

|

Last Updated

മക്ക | മക്കയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി (എസ് പി എ) റിപോര്‍ട്ട് ചെയ്തു.
മസ്ജിദുല്‍ഹറമിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ലക്ഷ്യമിട്ടുള്ള കിംഗ് സല്‍മാന്‍ ഗേറ്റ് എന്ന ബഹുമുഖ വികസന പദ്ധതിക്കാണ് തുടക്കമായത്. 12 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ സഊദി വിഷന്‍ 2030ന്റെ ഭാഗമാണിത്. സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കും വേണ്ടിയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുക, അവരുടെ ആത്മീയവും സാംസ്‌കാരികവുമായ യാത്രകള്‍ സമ്പന്നമാക്കുക, സഊദി വിഷന്‍ 2030 പ്രകാരം പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മസ്ജിദുല്‍ ഹറമിലേക്കുള്ള തീര്‍ഥാടകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി ഈ വികസനം പൊതുഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കും. മക്കയുടെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകവും ആധുനിക നഗര രൂപകല്‍പ്പനയും സംയോജിപ്പിച്ചായിരിക്കും കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതി ആവിഷ്‌കരിക്കുക.

പദ്ധതി നിലവില്‍ വരുന്നതോടെ ഒമ്പതുലക്ഷം തീര്‍ഥാടകര്‍ക്കാണ് പ്രയോജനം ലഭിക്കുക. റെസിഡന്‍ഷ്യല്‍, സാംസ്‌കാരിക-സേവന സൗകര്യങ്ങളും ഉണ്ടായിരിക്കും. ചരിത്രപരവും സാംസ്‌കാരികവുമായ സ്ഥലങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2036ല്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം 300,000 കവിയുകയും ചെയ്യും. ഗ്രാന്‍ഡ് മോസ്‌കിന് ചുറ്റുമുള്ള നഗര വികസന നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമായ റൂഅ അല്‍-ഹറാം അല്‍-മക്കി കമ്പനിയാണ് കിംഗ് സല്‍മാന്‍ ഗേറ്റ് പദ്ധതിയുടെ നിര്‍മാണ ചുമതല വഹിക്കുക.

 

Latest