Business
സ്വർണവില ഉച്ചക്ക് ശേഷം വീണ്ടും കൂടി; ഇന്ന് ആകെ വർധന 800 രൂപ; ഒരു പവൻ വില ₹94,520
ഗ്രാമിന് രാവിലെയും ഉച്ചക്കുമായി 100 രൂപ വർധിച്ച് 11,815 രൂപയാണ് വില

കൊച്ചി | സർവകാല റെക്കോർഡുകൾ മണിക്കൂറുകൾക്കകം പഴങ്കഥയാക്കി സ്വർണവില കുതിക്കുന്നു. ഇന്ന് രാവിലെ പവന് 400 രൂപ വർധിച്ചിന് പിന്നാലെ ഉച്ചക്ക് ശേഷവും 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 94,520 രൂപയായി വില. 800 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് രാവിലെയും ഉച്ചക്കുമായി 100 രൂപ വർധിച്ച് 11,815 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 61.68 ഡോളർ കൂടി 4,208.83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വർണവും കുതിക്കുകയാണ്. ഉച്ചക്ക് ശേഷം ഗ്രാമിന് 40 രൂപ കൂടി 9760 രൂപയായി. 14കാരറ്റിന് 7590 രൂപയാണ് ഗ്രാംവില. ഒമ്പത് കാരറ്റിന് 4900 രൂപയായി. വെള്ളിവിലയും എക്കാലത്തെയും ഉയരത്തിലാണ്. ഗ്രാമിന് 196 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവിലയിൽ മൂന്ന് തവണ ചാഞ്ചാട്ടമുണ്ടായിരുന്നു. രാവിലെ 2400 രൂപ കൂടിയ ശേഷം ഉച്ചക്ക് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു. വൈകീട്ട് 960 രൂപ വീണ്ടും വർധിച്ച് 94120 രൂപയിലെത്തി. ഫലത്തിൽ 2,160 രൂപയുടെ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.