Connect with us

Kerala

കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

നടപടി തൃശൂര്‍ റേഞ്ച് ഡി ഐ ജി റിപോര്‍ട്ട് പ്രകാരം

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ നാല്  പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സി പി ഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ ജെ സജീവൻ, എസ് ഐ നുഅ്മാൻ എന്നിവർക്കെതിരെയാണ് നടപടി. തൃശൂര്‍ റേഞ്ച് ഡി ഐ ജി റിപോര്‍ട്ട് പ്രകാരമാണ് നടപടി.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ നിലപാടെടുത്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി എസ് സുജിത്തിനെ മര്‍ദിച്ച സംഭവത്തിലാണ് നടപടി. നേരത്തേ പോലീസുകാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടി സ്വീകരിച്ചിരുന്നു. ഇതോടൊപ്പം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കുന്നംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പോലീസുകാരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുജിത്തിനെ പോലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമായി. ഇതാണ് സസ്പെൻഷനിലേക്ക് നയിച്ചത്.

പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും മർദനമേറ്റ സുജിത്തും ആവശ്യപ്പെടുന്നത്.