local body election 2025
കുഞ്ഞിമംഗലം ചുവന്ന മണ്ണ്
ഡിവിഷൻ രൂപവത്കരിച്ചത് മുതൽ എൽ ഡി എഫിനൊപ്പമാണ് കുഞ്ഞിമംഗലം ഡിവിഷൻ.
പയ്യന്നൂർ | ജില്ലാ പഞ്ചയത്ത് കുഞ്ഞിമംഗലം ഡിവിഷൻ എന്നും ചുവന്ന മണ്ണാണ്. എൽ ഡി എഫിന് കൃത്യമായി വേരോട്ടമുള്ള മണ്ണ്. ഇത്തവണ പോരാടാനുറച്ച് യു ഡി എഫ് ശക്തമായി രംഗത്തുണ്ട്. ഡിവിഷൻ രൂപവത്കരിച്ചത് മുതൽ എൽ ഡി എഫിനൊപ്പമാണ് കുഞ്ഞിമംഗലം ഡിവിഷൻ.
പയ്യന്നൂർ ബ്ലോക്കിലെ കുഞ്ഞിമംഗലം, രാമന്തളി, കുന്നരു ഡിവിഷനുകളും കല്യാശ്ശേരി ബ്ലോക്കിലെ പിലാത്തറ, ചെറുതാഴം ഡിവിഷനുകൾ ചേർന്നതാണ് കുഞ്ഞിമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. സീറ്റ് ഉറപ്പിച്ച് ഭൂരിപക്ഷം കൂട്ടാൻ എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ കരുത്തുകാട്ടാനാണ് യു ഡി എഫ് ശ്രമം. എൽ ഡി എഫിൽ സി പി എമ്മിലെ പി വി ജയശ്രീയാണ് മത്സര രംഗത്തുള്ളത്. അതിയടം സ്വദേശിയായ ഇവരുടെ കന്നി അങ്കമാണ്. റിട്ട പ്രധാനഅധ്യാപികയാണ് ജയശ്രീ.
യു ഡി എഫ് സി എം പി യിലെ ഷാഹിന അബ്ദുല്ലയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇവരുടെയും ആദ്യ മത്സരം തന്നെയാണ്. പഴയങ്ങാടി വനിതാ സഹകരണ സംഘം ഡയറക്ടറാണ് ഇവർ. എൻ ഡി എ യിൽ ബി ജെ പി യിലെ സുമിത അശോകൻ മത്സരിക്കുന്നു. കടന്നപ്പള്ളി സ്വദേശിയായ ഇവർ രണ്ട് തവണ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.



