Connect with us

Kerala

യൂത്ത് ലീഗ് പണം പിരിച്ചാല്‍ നേതാക്കള്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്ന കാഴചയെന്ന് കെ ടി ജലീൽ

ബന്ധുനിയമനത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഖുര്‍ആൻ ഉയർത്തിപ്പിടിച്ച് സത്യം ചെയ്ത് ജലീൽ

Published

|

Last Updated

മലപ്പുറം | യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നതാണ് കാഴ്ച്ചയെന്നും കെ ടി ജലീല്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു ഡി എഫിൻ്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയാ സംസ്‌കാരം കൊണ്ടുവരികയാണ്. അപകടകരമായ രീതിയാണിതെന്നും ജലീൽ ആരോപിച്ചു.

പണമുണ്ടായാല്‍ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കാണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് വയനാട്ടില്‍ വീട്​വെക്കാന്‍ പണം പിരിച്ചത് വിവാദമായി. പികെ ഫിറോസ് ഫോർട്യൂൺ ഹൌസ് ജനറൽ എന്ന ദുബായ് കമ്പനിയുടെ മാനേജരാണെന്ന് ജലീൽ ആവർത്തിച്ചു. മാസം 5.25 ലക്ഷം രൂപയാണ് ഫിറോസിൻ്റെ ശമ്പളമെന്ന് ആരോപിച്ച ജലീല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടു.

21-3-24 മുതല്‍ ഫിറോസ് ഈ ശമ്പളം വാങ്ങുന്നുണ്ട്. 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇങ്ങനെ ബാധ്യതയുള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്ക് എങ്ങനെ ഇത്ര ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിച്ചു. മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പികെ ഫിറോസ്. പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നത്. ദോത്തി ചലഞ്ച് എന്ന പേരില്‍ 200 രൂപ പോലും ഇല്ലാത്ത മുണ്ട് അറുനൂറിലധികം രൂപക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയത്. വന്‍തട്ടിപ്പാണ് ഇതിലൂടെ നടന്നത്. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകളെല്ലാം തരുന്നതെന്നും ജലീല്‍ പറഞ്ഞു.

ബന്ധുനിയമനത്തില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തിനിടെ ഖുര്‍ആൻ ഉയർത്തിപ്പിടിച്ച് ജലീൽ സത്യം ചെയ്തു.

Latest