Connect with us

Kerala

യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ 'ആംബുലന്‍സായി' കെ എസ് ആര്‍ ടി സി

ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവരുടെ അവസരോചിത ഇടപെടല്‍ മൂലമാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും തുടര്‍ചിത്സ നല്‍കുവാനും സാധിച്ചത്.

Published

|

Last Updated

മൂവാറ്റുപുഴ | സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച് കെ എസ ്ആര്‍ ടി സി ജീവനക്കാര്‍. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസാണ് നെഞ്ചുവേദനയെ തുടര്‍ന്ന് അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാന്‍ കുറെ ദൂരം തിരികെ ഓടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച മല്ലപ്പള്ളിയില്‍ നിന്നു പാലക്കാട്ടേക്ക് പോകുന്നതിനിടെയാണ് തിരുവനന്തപുരം പാലോട് സ്വദേശി ബീന (47)ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ബസ് പേഴക്കാപ്പിള്ളിയില്‍ എത്തിയതോടെ അബോധാവസ്ഥയിലായി. ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഉടന്‍ തന്നെ ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവരോട് കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍ ബസ് നിര്‍ത്തി സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല. ഇതോടെ ബസ് പെട്രോള്‍ പമ്പില്‍ കയറ്റി തിരിച്ചശേഷം കുറച്ചിപ്പറത്തുള്ള സബൈന്‍ ആശുപത്രിയില്‍ അതിവേഗത്തില്‍ എത്തിക്കുകയായിരുന്നു.

തക്കസമയത്തു തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അടിയന്തര ചികിത്സ നല്‍കാനും യുവതിയുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഔദ്യോഗിക എഫ് ബി പേജില്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ പിന്നീട് പങ്കുവെക്കുകയും ചെയ്തു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിത ഇടപെടല്‍ മൂലമാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും തുടര്‍ചിത്സ നല്‍കുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

ആശുപത്രി ജീവനക്കാര്‍ക്കും മാനേജ്മെന്റിനും യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ മനസ് കാണിച്ച ബസിലെ യാത്രക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും കെ എസ് ആര്‍ ടി സി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest