Connect with us

ഫെഡറൽ

വൈറ്റ്‌വാഷ് തടയാൻ ക്ഷത്രിയ വീര്യം

ക്ഷത്രിയ (രജപുത്ര) വിഭാഗത്തെ കേന്ദ്രമന്ത്രി അപമാനിച്ചതിനെതിരെയാണ് ആഴ്ചകളായി പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്. ഇത് ബി ജെ പിയുടെ വൈറ്റ് വാഷിന് വലിയ വെല്ലുവിളിയുയർത്തും.

Published

|

Last Updated

അധികാരത്തിന്റെ പിൻബലത്തിൽ എങ്ങനെ അതിവേഗം ഹിന്ദുത്വ നയങ്ങൾ നടപ്പാക്കാമെന്നതിന്റെ പരീക്ഷണശാലയായ ഗുജറാത്ത്, പുതിയ നൂറ്റാണ്ടിൽ തുടർച്ചയായി ബി ജെ പിക്ക് തിരഞ്ഞെടുപ്പ് വിജയം നൽകുന്ന സംസ്ഥാനമാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മുഴുവൻ സീറ്റുകളും “തൂക്കിയ’ ബി ജെ പി ഇത്തവണയും അതാവർത്തിക്കാമെന്ന് കരുതുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളെ പോലെ ഒരു കാലത്ത് കോൺഗ്രസ്സിന്റെ സ്വത്തായിരുന്ന സംസ്ഥാനത്ത്, താരതമ്യേന പുതുമുഖ പാർട്ടിയായ എ എ പിയുമായി കൂട്ടുചേർന്നാണ് മത്സരിക്കുന്നത്. ജാതികൾ നിർണായക ശക്തിയാണിവിടെ. തിരഞ്ഞെടുപ്പ് വേളയിൽ വമ്പനൊരു ജാതി പ്രക്ഷോഭവും നടക്കുന്നുണ്ട്. ക്ഷത്രിയ (രജപുത്ര) വിഭാഗത്തെ കേന്ദ്രമന്ത്രി അപമാനിച്ചതിനെതിരെയാണ് ആഴ്ചകളായി പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്. ഇത് ബി ജെ പിയുടെ വൈറ്റ് വാഷിന് വലിയ വെല്ലുവിളിയുയർത്തും.
റൊട്ടി- ബേട്ടി വ്യവഹാർ

മുതിർന്ന കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പർഷോത്തം രുപാലയാണ് ക്ഷത്രിയ വിവാദം സൃഷ്ടിച്ചത്. ദളിത് സമൂഹമായ വാത്മീകിയുടെ പരിപാടിയിൽ സംബന്ധിക്കവെ, ദളിതരെ കൂടെകൂട്ടാനുള്ള തത്രപ്പാടിനിടെ സംഭവിച്ച നാക്കുപിഴയോ അനവസര തുലനമോയാണ് വിവാദം ആളിക്കത്തിച്ചത്. സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ തലകുനിച്ചവരും പെൺകുട്ടികളെ വരെ അവർക്ക് വിവാഹം കഴിച്ചുകൊടുത്തവരുമാണ് ക്ഷത്രിയരെന്നും എന്നാൽ, ആരുടെ മുന്നിലും അഭിമാനം പണയം വെക്കാത്തവരാണ് ദളിതരെന്നുമായിരുന്നു ആ പരാമർശം. “റൊട്ടി- ബേട്ടി വ്യവഹാർ’ എന്ന വിശേഷണമാണ് ക്ഷത്രിയരെ പൊള്ളിച്ചത്. രുപാലയെ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സ്ഥാനാർഥിയാക്കരുതെന്നും ക്ഷത്രിയ വിഭാഗം ആവശ്യപ്പെട്ടെങ്കിലും അതെല്ലാം തൃണവത്ഗണിച്ച് അടുത്ത മാസം ഏഴിന് നടക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്‌കോട്ടിൽ മത്സരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം പത്രികയും സമർപ്പിച്ചു. മൂന്ന് ദിവസം മുമ്പ് രാജ്‌കോട്ടിലെ രത്തൻപൂർ ഗ്രാമത്തിൽ ക്ഷത്രിയർ വമ്പനൊരു പൊതുയോഗം നടത്തുകയും പട്ടീദാർ സമുദായത്തിലെ ഉപജാതിയായ കദ്‌വ പട്ടേലുകാരനായ രുപാലയെ മാറ്റിയില്ലെങ്കിൽ രാജ്‌കോട്ടിൽ അദ്ദേഹത്തിനെതിരെ 400 പേരെ സ്ഥാനാർഥിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കർണി സേന സംസ്ഥാന മേധാവി രാജ് ഷെഖാവത് ബി ജെ പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ഈയടുത്ത് രാജിവെച്ചിരുന്നു.
പണ്ടോറ പെട്ടി

പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന പട്ടീദാർ- ക്ഷത്രിയ പോര് തിരികെയെത്തുമോയെന്ന ഭീതിയും അന്തരീക്ഷത്തിലുണ്ട്. ജാതി മേൽക്കോയ്മ, അധികാരം എന്നിവക്ക് പുറമെ സവിശേഷമായി സമ്പത്തിനെയും നിർണയിച്ചത് ഈ പോരായിരുന്നു. ഭൂവുടമകളായ പട്ടേലുമാർ വലിയ ധനികരാണെന്നത് ഇവിടെ ചേർത്തുവായിക്കാം. അന്ന് വലിയ അക്രമങ്ങളും കൂട്ടക്കൊലപാതകങ്ങളുമുണ്ടായിരുന്നു. എന്നാൽ, കേശുഭായ് പട്ടേലും ശങ്കർ സിംഗ് വഗേലയും അതിസൂക്ഷ്മമായി നെയ്ത പട്ടേൽ- ക്ഷത്രിയ യോജിപ്പിലാണ് ബി ജെ പി പടിപടിയായി ഗുജറാത്തിൽ അധികാരലബ്ധിയിലേക്ക് എത്തുന്നത്. ഇതിലൂടെ 1995ൽ ആദ്യ വിജയം നേടാൻ ബി ജെ പിക്ക് സാധിച്ചു.

ഇപ്പോഴത്തെ വിവാദത്തിന് ഒരു മറുവശമുണ്ട്. ബി ജെ പിയുടെ വോട്ടുബേങ്കായ പട്ടീദാർ (പട്ടേൽ) സമുദായത്തിന്റെ ഏകീകരണത്തിന് ഇത് വഴിവെച്ചേക്കും. പ്രത്യേകിച്ചും, ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ 2017 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുണ്ടായ നീരസം ഇല്ലാതാക്കാനും ഇതുപകരിക്കും.
അന്ന് ഒ ബി സി നേതാവ് അൽപേഷ് ഠാക്കൂർ, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവർക്കൊപ്പം ചേർന്നാണ് ഹാർദിക് പ്രക്ഷോഭം നയിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് നേട്ടമുണ്ടാക്കാനുമായി. എന്നാൽ, ഇതേ ഹർദിക് ബി ജെ പി ചേരിയിലേക്ക് പോകുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരാൻ സാധിക്കുകയും ചെയ്തു.

പക്ഷവും ഖാമും
ക്ഷത്രിയരെ എന്നും പരിഗണിച്ച ചരിത്രമാണ് കോൺഗ്രസ്സിനുള്ളത്. ഒ ബി സി ക്ഷത്രിയനായ കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മാധവ്‌ സിംഗ് സോളങ്കി രൂപപ്പെടുത്തിയ ഖാം (ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്‌ലിം) സഖ്യ പ്രകാരം മുൻഗണന എന്നും ക്ഷത്രിയർക്കായിരുന്നു. ഇതിനെ തുടർന്നാണ് പട്ടേലുമാർ കോൺഗ്രസ്സിൽ നിന്ന് അകന്നതും ബി ജെ പിയിലേക്ക് കൂടുമാറിയതും. പാർട്ടി അധികാരത്തിലിരുന്ന സമയത്ത് മുഖ്യമന്ത്രിമാരായും മന്ത്രിമാരായും പാർട്ടി നേതാക്കളായും നിരവധി ക്ഷത്രിയന്മാരുണ്ടായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്കോ നിർണായക പദവികളിലേക്കോ ബി ജെ പി പരിഗണിക്കുന്നില്ലെന്ന പരാതി ക്ഷത്രിയർക്ക് മുമ്പും ഇപ്പോഴുമുണ്ട്. ഠാക്കൂർ, തൽപാഡ കാളി തുടങ്ങിയ സമുദായങ്ങൾക്കും നിരവധി പരാതികളുണ്ട്.

ആഭ്യന്തര കലഹം
ഡൽഹിയിൽ നിന്ന് നേരിട്ട് ഭരിക്കുന്ന പ്രതീതിയാണ് ഗുജറാത്തിലുള്ളത്. കരുത്തനായ നേതാവിന്റെ അഭാവം സംസ്ഥാന ബി ജെ പിക്കുമുണ്ട്. ഇത് പലപ്പോഴും ആഭ്യന്തര കലഹത്തിലേക്കും പ്രതിഷേധത്തിലേക്കും നയിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും മാറ്റിയിരുന്നു. കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികളിൽ നിന്ന് എത്തുന്നവർക്ക് സ്ഥാനാർഥിത്വവും പദവികളും നൽകുന്നതിൽ നേതാക്കൾക്കും പ്രവർത്തകർക്കും പരാതിയുണ്ട്. കോൺഗ്രസ്സിന്റെ 17 എം എൽ എമാരിൽ നാല് പേരും എ എ പിയുടെ അഞ്ച് പേരിൽ ഒരാളും ബി ജെ പിയിലേക്ക് കൂടുമാറുകയും ഇവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തു. മുതിർന്ന നേതാക്കളുടെ മറുകണ്ടം ചാടലിന് പുറമെയാണിത്. അംറേലിയിൽ ദിവസങ്ങൾക്ക് മുമ്പ് ബി ജെ പിക്കാർ തമ്മിലടിച്ച് നിരവധി പേർക്ക് പരുക്കേറ്റത് ഇവിടെ പ്രസക്തമാണ്.

എ എ പിയുമായി കൈകോർത്തതിന് പുറമെ ഈ ഘടകങ്ങളും തങ്ങളെ തുണക്കുമെന്നാണ് കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ഗോത്ര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാനത്ത് ആ യാത്ര മുന്നേറിയത്. എ എ പിക്ക് ബറൂച്ച്, ഭാവ്‌നഗർ മണ്ഡലങ്ങളാണ് നൽകിയത്. ഇതിൽ ഭാവ്‌നഗർ, അന്തരിച്ച നേതാവ് അഹ്‌മദ് പട്ടേലിന്റെ തട്ടകമാണ്. അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും 26ൽ അഞ്ചിൽ കുറയാത്ത സീറ്റുകൾ നേടിയാലേ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ്സിന് ഗുജറാത്തിൽ നിലനിൽപ്പുണ്ടാകൂ. മറ്റ് സീറ്റുകളിൽ ബി ജെ പിയുടെ ഭൂരിപക്ഷം കുറക്കാനും സാധിക്കണം. പുതിയ സംഭവവികാസങ്ങൾ ഇതിനെല്ലാം ഇന്ധനമാകുമെന്ന് കോൺഗ്രസ്സ് ഉറച്ചുവിശ്വസിക്കുന്നു.

Latest