Kerala
അടിമാലി മണ്ണിടിച്ചില്‍; അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അവധി
ഇന്നലെ രാത്രി നടന്ന അപകടത്തില്‍ ബിജു എന്ന യുവാവിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു
ഇടുക്കി | ഇന്നലെ രാത്രി കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് യുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിന് അവധി.
ഇന്നലെ രാത്രി നടന്ന അപകടത്തില്‍ ബിജു എന്ന യുവാവിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ബിജുവും ഭാര്യ സന്ധ്യയും ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സന്ധ്യ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ പറഞ്ഞു.
ഒമ്പതു മണിക്കൂറോളം ഇടതു കാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാല്‍ മുറിച്ചു മാറ്റാതിരിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലെ മസിലുകള്‍ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങള്‍ക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ നിരീക്ഷണവും ചികിത്സയും നല്‍കുന്നുണ്ട്. സന്ധ്യയെ അര്‍ധബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല.




