Connect with us

Kerala

കെ ആര്‍ ഇന്ദിരയുടെ വിദ്വേഷ കമൻ്റ്; കേസ് അവസാനിപ്പിച്ച് പോലീസ്

പരാതി നല്‍കിയയാൾക്ക് തീവ്രവാദ സംഘടനകളെുമായി ബന്ധമുണ്ടോയെന്ന് ഇന്റലിജന്‍സ് വിഭാഗം നിരന്തരം അന്വേഷിച്ചിരുന്നു

Published

|

Last Updated

കൊടുങ്ങല്ലൂര്‍ | ആകാശവാണി മുന്‍ ജീവനക്കാരി കെ ആര്‍ ഇന്ദിരയുടെ വിദ്വേഷ ഫേസ്ബുക്ക് കമന്റിനെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലെടുത്ത കേസ് പോലീസ് പൂട്ടിക്കെട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ദാസ് എം ആര്‍ ആണ് 2019 സെപ്തംബര്‍ രണ്ടിന് ഇന്ദിരയുടെ ഫേസ്ബുക്ക് കമന്റിനെതിരെ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍, 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത പോലീസ് ഒരു നടപടിയും സ്വീകരിക്കാതെ അണ്‍ ഡിറ്റക്റ്റട് ഇനത്തില്‍ ഉള്‍പ്പെടുത്തി ഫയല്‍ പൂട്ടിക്കെട്ടിയതായാണ് ഇപ്പോള്‍ പറയുന്നത്. നടപടി ഒന്നുമുണ്ടാകാത്ത പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം വിവരാവകാശ പ്രകാരം വിപിന്‍ ദാസ് കേസിന്റെ സ്റ്റാറ്റസ് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. കേസ് അന്വേഷണത്തിലാണെന്നും പ്രതിയെ കണ്ടെത്താനോ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനോ ഫോറന്‍സിക് ലാബിലേക്ക് അയക്കാനോ സാധിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി.

‘താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍’ എന്നായിരുന്നു പരാതിക്കാധാരമായ ഇന്ദിരയുടെ സാമൂഹിക മാധ്യമ കമന്റ്. ഇന്ദിരക്കെതിരെ പരാതി നല്‍കിയതോടെ കേരള പോലീസിലെ ഇന്റലിജന്‍സ് വിഭാഗം നിരന്തരമായി ഫോണ്‍ ചെയ്ത് വിവിധ തീവ്രവാദ സംഘടനകളെ കുറിച്ചും അവയുമായി തനിക്ക് ബന്ധമുണ്ടോ എന്നും അന്വേഷിച്ചിരുന്നതായി വിപിന്‍ ദാസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest