siraj prathivaram
മുങ്ങുന്ന നഗരത്തിൻ്റെ വിശേഷങ്ങളറിയാം
മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണിത്. സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങളിലാണ് ഇവിടുത്തെ പകുതിയോളം ജനങ്ങൾ കഴിയുന്നത്. പുതിയ തലസ്ഥാനം പണിയാനുള്ള ഒരുക്കത്തിലാണിപ്പോൾ ഇന്തോനേഷ്യൻ സർക്കാർ.

ഇന്തോനേഷ്യയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ജക്കാർത്ത. മൂന്നരക്കോടിയിലധികം ജനങ്ങൾ താമസിക്കുന്ന മെട്രോപോളിറ്റൻ സിറ്റി. ജപ്പാൻ തലസ്ഥാനമായ ടോക്കിയോ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം ജക്കാർത്തയാണ്. നാലാം നൂറ്റാണ്ടിലായിരുന്നു നഗര നിർമിതി. സുന്ദ കെലാപ എന്നായിരുന്നു അന്നത്തെ പേര്. ഡച്ച് അധിനിവേശ കാലത്ത് ബതാവിയ ആയി മാറി. സ്വാതന്ത്ര്യാനന്തരം ജക്കാർത്തയായും. മുങ്ങിക്കൊണ്ടിരിക്കുന്ന നഗരമാണിത്. സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങളിലാണ് ഇവിടുത്തെ പകുതിയോളം ജനങ്ങൾ കഴിയുന്നത്. പുതിയ തലസ്ഥാനം പണിയാനുള്ള ഒരുക്കത്തിലാണിപ്പോൾ ഇന്തോനേഷ്യൻ സർക്കാർ.
സുന്ദ രാജവംശത്തിന് കീഴിലായിരുന്നു ജക്കാർത്ത. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർക്ക് അഭയം നൽകിയതോടെയാണ് ഫതഹില്ലായുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം പ്രദേശം കീഴടക്കിയത്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് നിയന്ത്രണത്തിലായി. 1945 ആഗസ്റ്റ് 17 ആയിരുന്നു രാജ്യം വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. സുകാർണോ ആയിരുന്നു ആദ്യ പ്രസിഡന്റ്. ഇന്ത്യയുമായി അടുത്ത സൗഹൃദബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു സുകാർണോയുടെ സുഹൃത്തായിരുന്നു. സമുദ്രാതിർത്തി പരിഗണിച്ചാൽ ഇന്ത്യയുടെ അയൽരാജ്യം കൂടിയാണ് ഇന്തോനേഷ്യ. ആന്തമാൻ നിക്കോബാർ ദ്വീപിൽ നിന്ന് ഇന്തോനേഷ്യയുടെ ഭാഗമായ സുമാത്രയിലേക്ക് നൂറ്റി അമ്പത് കിലോമീറ്റർ അകലമേയുള്ളൂ.
ജക്കാർത്തൻ ജനസംഖ്യയിൽ എൺപത് ശതമാനത്തിലധികം മുസ്‌ലിംകളാണ്. ക്രിസ്ത്യാനികളാണ് രണ്ടാം സ്ഥാനത്ത്. മുസ്‌ലിംകളിൽ ഭൂരിഭാഗവും ശാഫിഈ മദ്ഹബ് പിന്തുടരുന്ന സുന്നികളാണ്. നഹ്ളതുൽ ഉലമയാണ് പ്രധാന മുസ്‌ലിം സംഘടന. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിതമായ അതേ വർഷം തന്നെയാണ് സംഘടനയുടെയും പിറവി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മുസ്‌ലിം സംഘടനയാണ് നഹ്ളതുൽ ഉലമ.
എട്ടാം നൂറ്റാണ്ട് മുതൽ തന്നെ അറബ് വ്യാപാരികൾ എത്തിയിരുന്നുവെങ്കിലും പതിമൂന്നാം നൂറ്റാണ്ടിലാണ് ഇന്തോനേഷ്യ വ്യവസ്ഥാപിത രീതിയിലുള്ള ഇസ്‌ലാമിക പ്രബോധനത്തിന് സാക്ഷ്യം വഹിച്ചത്. ഇന്ത്യയിൽ നിന്നെത്തിയ സ്വൂഫീവര്യന്മാർ മുഖേനയായിരുന്നു ഇത്. സുമാത്രയിലാണ് ആദ്യകാലത്ത് ഇസ്‌ലാം കൂടുതൽ സ്വാധീനം ചെലുത്തിയത്. വാലീ സോംഗോയുടെ വരവോടെ ജനങ്ങൾ കൂട്ടത്തോടെ ദീനിലേക്ക് കടന്നുവന്നു. അതോടെ ബാലി ഒഴികെ മറ്റെല്ലാ ദ്വീപുകളും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായി മാറി.
സുമാത്രയിലെ സമുദ്ര പാസായ്, അച്ചെ, ജാവയിലെ മലാക്ക, ഡീമാക്, ബാന്റൻ, സുലാവസിയിലെ ഗോവ, മാലുകുവിലെ ടെർനേറ്റ് സുൽത്താനേറ്റുകളായിയിരുന്നു ഇന്തോനേഷ്യയിലെ പ്രധാന മുസ്‌ലിം രാജവംശങ്ങൾ. പ്രസിഡന്റുമാരാണ് നിലവിൽ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. സുകാർണോയും സുഹാർത്തോയുമാണ് ഒന്നും രണ്ടും പ്രസിഡന്റുമാർ. അമ്പതിലധികം വർഷക്കാലം ഇവരുടെ ഭരണം നീണ്ടുനിന്നു. നാലാമത് പ്രസിഡന്റായിരുന്ന അബ്ദുർറഹ്മാൻ വാഹിദ് നഹ്ളതുൽ ഉലമയുടെ നേതാവായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് പ്രഭാവോ സുഭിയാന്തോയും സംഘടനയുമായി ആഭിമുഖ്യമുള്ളയാളാണ്.
ഏതാനും മണിക്കൂറുകൾ മാത്രമാണ് ജക്കാർത്തൻ സന്ദർശനത്തിനുള്ളത്. അതുകഴിഞ്ഞ് സുമാത്രയിലേക്കുള്ള വിമാനം കയറണം. അതിരാവിലെ തന്നെ സയ്യിദ് അബ്ദുർറഹ്മാൻ ബാഹസൻ ജമലുല്ലൈൽ തങ്ങളുടെ മഖ്ബറ സ്ഥിതി ചെയ്യുന്ന മാംഗ ദുവായിലെ നൂറുൽ അബ്റാർ മസ്ജിദിലേക്ക് പുറപ്പെട്ടു. മാംഗ ദുവാ, രണ്ട് മാങ്ങ എന്നർഥം. സെൻട്രൽ ജക്കാർത്തയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമാണിത്. നഗര തിരക്കുകൾക്കിടയിൽ നിന്ന് വിശ്വാസികൾക്ക് ആത്മീയ അഭയം നൽകുന്ന ശാദ്വല തീരമാണ് ഇവിടുത്തെ ഈ പുരാതന മസ്ജിദും പരിസരവും. യമനിലെ ഹളറമൗതാണ് ജമലുല്ലൈൽ തങ്ങളുടെ ജന്മനാട്. നൂറുൽ അബ്റാർ മസ്ജിദ് സ്ഥാപിച്ചത് തങ്ങളവർകൾ ആയിരുന്നു.
1257/1841 റബീഉൽ അവ്വൽ ആദ്യത്തിലായിരുന്നു അവിടുത്തെ വിയോഗം. ജക്കാർത്തയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണിത്. വിപുലമായ ആണ്ട് നേർച്ചയും ഇവിടെ നടക്കാറുണ്ട്. കൂടാതെ, ഹബ്ശി, ഐദറൂസ് തങ്ങന്മാരുടെ മഖ്ബറകളും നഗരത്തിലുണ്ട്.