National
മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഖാര്‍ഗെ; കടുത്ത പ്രതികരണവുമായി ബി ജെ പി
പ്രസ്താവനയില്‍ ക്ഷമാപണം നടത്തി ഖാര്‍ഗെ രംഗത്തെത്തി. മോദി എന്ന വ്യക്തിയെയല്ല, ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെയാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കവേയാണ് മോദിയെ ഖാര്‍ഗെ വിഷപ്പാമ്പിനോട് ഉപമിച്ചത്. ആ വിഷപ്പാമ്പിനെ നക്കുന്നയാള്‍ക്ക് മരണം ഉറപ്പാണെന്നും ഖാര്‍ഗെ പറഞ്ഞു. എന്നാല്‍, പിന്നീട് പ്രസ്താവനയില്‍ ക്ഷമാപണം നടത്തി ഖാര്‍ഗെ രംഗത്തെത്തി. മോദി എന്ന വ്യക്തിയെയല്ല, ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെയാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബി ജെ പിക്കെതിരായ പ്രചാരണം കോണ്‍ഗ്രസ് ശക്തമാക്കിയതിനിടെയാണ് ഖാര്‍ഗെയുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് കലാപങ്ങളുണ്ടാകുമെന്ന ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.
വിവാദ പ്രസ്താവനയോട് രൂക്ഷമായാണ് ബി ജെ പി പ്രതികരിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിലുള്ള നിരാശയില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. ‘ഖാര്‍ഗെയുടെ മനസിലാണ് വിഷമുള്ളത്. മുന്‍വിധിയോടെ കാണുന്ന മനസാണ് അദ്ദേഹത്തിന്റെത്. തങ്ങളുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കും.’- ബൊമ്മൈ പറഞ്ഞു.
മരണത്തിന്റെ വ്യാപാരി എന്ന് മോദിയെ സോണിയാ ഗാന്ധി വിശേഷിപ്പിച്ചതിനെക്കാള്‍ മോശമാണ് ഖാര്‍ഗെയുടെ പരാമര്‍ശമെന്ന് കേന്ദ്ര് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഖാര്‍ഗെയെ പ്രസിഡന്റാക്കിയെങ്കിലും ആരും അദ്ദേഹത്തെ അങ്ങനെ കാണുന്നില്ല. അതുകൊണ്ടാണ് സോണിയയെക്കാള്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധ നേടാന്‍ അദ്ദേഹം തുനിയുന്നത്.-താക്കൂര്‍ പറഞ്ഞു.