Connect with us

Kerala

ഗവര്‍ണറുടെ തീരുമാനം കാത്ത് കിടക്കുന്നത് 16 ബില്ലുകളെന്ന് കേരളം സുപ്രീം കോടതിയില്‍ ; എട്ട് ബില്ലുകളുടെ പട്ടിക കൂടി സമര്‍പ്പിച്ചു

15ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ കൂടി ഗവര്‍ണര്‍ വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി  | രാജ്ഭവനില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് കിടക്കുന്നത് 16 ബില്ലുകളെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.  സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ ബോധിപ്പിച്ചത്. എട്ട് ബില്ലുകളുടെ പട്ടിക കൂടി കേരളം സുപ്രീം കോടതിക്ക് കൈമാറി.15ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ കൂടി ഗവര്‍ണര്‍ വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. ഈ ബില്ലുകളിലും ഉടന്‍ തീരുമാനം ഉണ്ടാകണമെന്നും കേരളം കോടതിയില്‍ ആവശ്യപ്പെട്ടു.

കേരള സഹകരണ സംഘം മൂന്നാം ഭേദഗതി 2022, കേരള ക്ഷീര കര്‍ഷക ക്ഷേമ നിധി ഭേദഗതി 2023, കേരള അബ്കാരി ഭേദഗതി 2023, കേരള കെട്ടിട നികുതി ഭേദഗതി 2023, കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ രണ്ടാം ഭേദഗതി 2023, നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി 2023, ധന വിനിയോഗം 2023 ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പട്ടികയാണ് പുതിയതായി നല്‍കിയിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ പഞ്ചാബിന്റെ ഹരജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് പരമോന്നത കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം മറുപടി അറിയിക്കാനും ഏജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നതായിരുന്നു കോടതി ഉത്തരവ്.പഞ്ചാബിലേതിന് സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരരായ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചപ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Latest