Kerala
അതിദാരിദ്ര്യമില്ലാത്ത നാടായി കേരളം ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു: മുഖ്യമന്ത്രി
ഇതൊരു തട്ടിപ്പല്ല, യാഥാർഥ്യമാണ് എന്ന് നാമെല്ലാം ഉൾക്കൊള്ളണം. നാടിൻ്റെ ഒരുമയും ഐക്യവുമാണ് അസാധ്യം എന്നൊന്നില്ല എന്ന് അനുഭവത്തിലൂടെ തെളിയിക്കുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം |അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐക്യകേരളം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനത്തിലാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താൻ കഴിഞ്ഞത് എന്നത് ഏറെ സന്തോഷകരമാണ്. ഇത് പുതിയൊരു കേരളത്തിൻ്റെ ഉദയമാണെന്നും, നമ്മുടെ സങ്കൽപത്തിലുള്ള നവകേരളത്തിൻ്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യപിച്ച് സംസാരിക്കുകയായിരന്നു മുഖ്യമന്ത്രി.
ഓരോ മനുഷ്യജീവിയും വിശപ്പിൻ്റെയോ കൊടും ദാരിദ്ര്യത്തിൻ്റെയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യൻ്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോൽപ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം. നാടിൻ്റെ ആകെ സഹകരണത്തോടെയാണ് ഈ ദുരവസ്ഥയെ നാം ചേർത്തു തോൽപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെടുകയും നേതൃത്വം വഹിക്കുകയും ചെയ്തത് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആകെ അതിദാരിദ്ര്യ പട്ടികയിൽ ഉണ്ടായിരുന്നത് 64,006 കുടുംബങ്ങളാണ്. വിവിധ ഘട്ടങ്ങളിലായി 64,005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായി കഴിഞ്ഞിരുന്നു. ഒരു കുടുംബത്തിന് ബാക്കിയുണ്ടായിരുന്ന സാങ്കേതിക പ്രശ്നം മന്ത്രിസഭാ യോഗത്തിൽ പരിഹരിച്ചതോടെ 64,006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായതായി സാക്ഷ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതൊരു തട്ടിപ്പല്ല, യാഥാർഥ്യമാണ് എന്ന് നാമെല്ലാം ഉൾക്കൊള്ളണം. നാടിൻ്റെ ഒരുമയും ഐക്യവുമാണ് അസാധ്യം എന്നൊന്നില്ല എന്ന് അനുഭവത്തിലൂടെ തെളിയിക്കുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി എത്തിച്ചേർന്നു എന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പരാമർശിച്ചു.
സ്പീക്കർ എ എൻ ഷംസീർ, വിവിധ വകുപ്പ് മന്ത്രിമാർ, നടൻ മമ്മൂട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






