Kerala
കേരള സാഹിത്യോത്സവിന് ഇന്ന് സമാപനം
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തും

പാലക്കാട് | മുപ്പത്തി രണ്ടാമത് എസ്എസ്എഫ് കേരള സാഹിത്യോത്സവിന് പാലക്കാട് കല്ലേക്കാട് ഇന്ന് സമാപനം. ഇരുന്നൂറോളം മത്സരയിനങ്ങളിലായി പതിനെട്ട് സംഘടനാ ജില്ലകളിൽ നിന്ന് രണ്ടായിരത്തിഅഞ്ഞൂറിലധികം മത്സരികളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്. പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ പതിനാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. സാംസ്കാരിക ചർച്ചകൾ, സംവാദങ്ങൾ, എജ്യൂസൈൻ കരിയർ എക്സ്പോ, പുസ്തകലോകം ബുക്ക് എക്സ്പോ തുടങ്ങി വിവിധ അനുബന്ധ പദ്ധതികളും സാഹിത്യോത്സവിന്റെ ഭാഗമായി നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
സാഹിത്യോത്സവിന്റെ ഉദ്ഘാടനം ഞായർ രാവിലെ പത്ത് മണിക്ക് കന്നഡ സാഹിത്യകാരൻ വിവേക് ഷാൻഭാഗ് നിർവഹിക്കും. ഡോ.എ.പി.അബ്ദുൽ ഹക്കീം അസ്ഹരി, കെ.പി.രാമനുണ്ണി, സയ്യിദ് മുനീറുൽ അഹ്ദൽ, ഡോ.അബൂബക്കർ എന്നിവർ സംബന്ധിക്കും. വൈകീട്ട് സമാപന സംഗമത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി, കെ.പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, ഉബൈദുല്ല സഖാഫി, ദിൽഷാദ് കശ്മീർ എന്നിവർ സംബന്ധിക്കും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺസൈറ്റ് കോൺഫറൻസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ടി.ടി ശ്രീകുമാർ, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, ഫൈസൽ ബുഖാരി എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്ക് പഠന, തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്ന എജ്യൂസൈൻ കരിയർ എക്സ്പോ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഇരുപതിലധികം പ്രസാധകർ ഒന്നിക്കുന്ന പുസ്തകലോകം ബുക്ക് എക്സ്പോ മുഹമ്മദ് മുഹ്സിൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾക്ക് പുറമെ നഗരിയുടെ വിവിധ ഭാഗങ്ങളിൽ എഴുത്ത്, ചിന്ത, വര തുടങ്ങിയവയിൽ പരിശീലനം നൽകുന്ന ആർട് സ്കൂൾ, പൊളിറ്റിക്കൽ സ്കൂൾ, ക്യാൻവാസ് ക്യാമ്പുകളും സംഘടിപ്പിച്ചു.
സാഹിത്യം, ജീവിതം, രാഷ്ട്രീയം, പ്രകൃതി, മാധ്യമം, ജനാധിപത്യം, സെക്കുലറിസം തുടങ്ങി ശനിയാഴ്ച്ച നടന്ന വിവിധ സാംസ്കാരിക ചർച്ചകളിൽ കെ.എം.അനിൽ ചേലേമ്പ്ര, സി.പി.ജോൺ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, വിനിൽ പോൾ, പി.വി.ഷാജികുമാർ, മുഹമ്മദ് ബാസിം നൂറാനി, സി.കെ.എം.ശാഫി സഖാഫി, കെ.എം.അഹ്മദ് റാസി, അബ്ദുല്ല ബുഖാരി, ഹാരിസ് റഹ്മാൻ, സി.ആർ.കെ മുഹമ്മദ്, സിദ്ദീഖ് ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് നടക്കുന്ന സാംസ്കാരിക ചർച്ചയിൽ “മാധ്യമപ്രവർത്തകന്റെ അരനൂറ്റാണ്ട്” എന്ന വിഷയത്തിൽ കെ.സി.നാരായണൻ, കെ.ബി.ബഷീർ, ശമീർ.എസ് എന്നിവരും “സോഷ്യലിസം, സെക്യുലറിസം: പടികടത്തുന്നത് പദങ്ങൾ മാത്രമല്ല” എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ, സി.എം.ജഅ്‌ഫർ എന്നിവരും സംസാരിക്കും.