Connect with us

From the print

75 വിടാതെ കെജ്‌രിവാൾ; മോദിയെന്താ മിണ്ടാത്തത്?

'അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ വിരമിക്കൽ ആരോപണത്തിനെതിരെ പ്രതികരിച്ചു. എന്നാൽ, 75 വയസ്സിനുശേഷം പ്രധാനമന്ത്രിപദം ഒഴിയില്ലെന്ന് മോദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 75ാം വയസ്സിൽ വിരമിക്കണമെന്ന തന്റെ നിയമം മോദി തെറ്റിക്കില്ലെന്നാണ് രാജ്യം മുഴുവൻ വിശ്വസിക്കുന്നത്'.'

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം ബി ജെ പിയെ ഏറ്റവുമേറെ പ്രതിരോധത്തിലാക്കിയ വിഷയം ഏതാണെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. മോദിയുടെ വയസ്സ്. നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയാന്‍ പോകുകയാണെന്നും അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും തിഹാര്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊട്ടിച്ച ബോംബിന്റെ പ്രകമ്പനത്തില്‍ നിന്ന് ഇന്നും ബി ജെ പി മുക്തമായിട്ടില്ല. ബി ജെ പിയുടെ നയമാണ് 75 വയസ്സ് കഴിഞ്ഞവര്‍ ഉന്നത സ്ഥാനത്തുണ്ടാകില്ലെന്നത്. മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ബാധകമായത് മോദിക്കും ബാധകമാണ്. ഭൂരിപക്ഷം കിട്ടിയാല്‍ അമിത് ഷായാകും പ്രധാനമന്ത്രിയെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് വേണോ? മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോയെന്നതായിരുന്നു കെജ്രിവാളിന്റെ ചോദ്യം. മോദിയെ മുന്‍നിര്‍ത്തിയുള്ള എന്‍ ഡി എ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഈ ചോദ്യം.

ലക്നോയിലും
ഈ ചോദ്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ കെജ്രിവാള്‍ അത് ആവര്‍ത്തിക്കുകയാണ്. ഇന്നലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം ലക്നോയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലും ഇതേ വിഷയം കെജ്രിവാള്‍ ആവര്‍ത്തിച്ചു. ‘അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിരമിക്കല്‍ ആരോപണത്തിനെതിരെ പ്രതികരിച്ചു. എന്നാല്‍, 75 വയസ്സിന്‌ശേഷം പ്രധാനമന്ത്രിപദം ഒഴിയില്ലെന്ന് മോദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 75ാം വയസ്സില്‍ വിരമിക്കണമെന്ന തന്റെ നിയമം മോദി തെറ്റിക്കില്ലെന്നാണ് രാജ്യം മുഴുവന്‍ വിശ്വസിക്കുന്നത്’ -കെജ്രിവാള്‍ പറഞ്ഞു. അടുത്ത വര്‍ഷം സെപ്തംബറില്‍ 75 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പാര്‍ട്ടി നിബന്ധനപ്രകാരം മോദി പ്രധാനമന്ത്രിപദമൊഴിയേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി. അമിത് ഷായെ മോദി അടുത്ത പ്രധാനമന്ത്രിയാക്കുമെന്ന് പറഞ്ഞ കെജ്രിവാള്‍, ബി ജെ പിയുടെ ആഭ്യന്തര രാഷ്ട്രീയ ഭിന്നതയിലേക്ക് വീണ്ടും തീ പകരുകയായിരുന്നു.

‘അമിത് ഷാക്ക് വേണ്ടിയാണ് എല്ലാം ഒരുങ്ങുന്നത്. ശിവ്രാജ് സിംഗ് ചൗഹാന്‍, ഡോ. രമണ്‍ സിംഗ്, വസുന്ധരാ രാജെ, മനോഹര്‍ ലാല്‍ ഖട്ടാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരെയെല്ലാം ഒതുക്കി കഴിഞ്ഞു. ഇനി ഒരേയൊരു വെല്ലുവിളി യോഗി ആദിത്യനാഥാണ്. അദ്ദേഹത്തെ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും’- കെജ്രിവാള്‍ ആവര്‍ത്തിച്ചു. അധികാരത്തിലെത്തിയാല്‍ ബി ജെ പി നടപ്പാക്കുന്ന ആദ്യ ബിഗ് പ്ലാന്‍ സംവരണം അവസാനിപ്പുക്കുകയെന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല തലങ്ങളുള്ള ആക്രമണമാണ് കെജ്രിവാള്‍ വീണ്ടും നടത്തുന്നത്. മോദി- യോഗി ഭിന്നത ചര്‍ച്ചയിലേക്ക് കൊണ്ടുവരികയാണ് ഒരു ലക്ഷ്യം. അതോടൊപ്പം മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരെ പ്രായംപറഞ്ഞ് ഒഴിവാക്കിയതില്‍ നീരസമുള്ള പഴയ ബി ജെ പിക്കാരെയും ലക്ഷ്യമിടുന്നു.

ഇന്ത്യ സഖ്യം ജയിച്ചാല്‍ പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് അതേ നാണയത്തിലുള്ള മറുപടി കൂടിയായി കെജ്രിവാളിന്റെ ചോദ്യങ്ങള്‍. 75 വയസ്സ് പിന്നിടുന്നവര്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കണമെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ലെന്നും കെജ്രിവാളിനും അദ്ദേഹത്തിന്റെ ഇന്ത്യ സഖ്യത്തിനും സന്തോഷിക്കാനുള്ള വകയില്ലെന്നും പറഞ്ഞായിരുന്നു അമിത് ഷായുടെ ദുര്‍ബലമായ പ്രതിരോധം. ഇപ്പോള്‍, മോദിയെന്താണ് പ്രതികരിക്കാത്തതെന്ന പുതിയ ചോദ്യമുയര്‍ത്തിയിരിക്കുകയാണ് കെജ്രിവാള്‍.

 

Latest