Kerala
കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് സമാപ്തി; അവസാന വിമാനം പുലര്‍ച്ചെ
അവസാന വിമാനത്തിലേക്കുള്ള ഹാജിമാര്‍ ഇന്ന് രാവിലെ പത്തോടെ ക്യാമ്പിലെത്തും
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന് ഇന്ന് സമാപനം. അവസാന വിമാനം പുലര്‍ച്ചെ 1.05ന് പുറപ്പെടും. അവസാന വിമാനത്തിലേക്കുള്ള ഹാജിമാര്‍ ഇന്ന് രാവിലെ പത്തോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ടിന് ഇവര്‍ക്കുള്ള രേഖകള്‍ കൈമാറും. രാത്രി എട്ടിന് അവസാന സംഘത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പതോടെ ഹാജിമാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും.
പുലര്‍ച്ചെ 1.05ന് പുറപ്പെടുന്ന വിമാനത്തില്‍ 88 പുരുഷന്മാരും 81 സ്ത്രീകളും ഉള്‍പ്പെടെ 169 പേര്‍ യാത്ര തിരിക്കും. അവസാന സംഘത്തില്‍ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടറായി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ. എം അബ്ദുല്‍ ജബ്ബാര്‍ അനുഗമിക്കും. കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ സേവനത്തിനായി ഇതുവരെ 32 സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാരാണ് അനുഗമിച്ചത്.
കഴിഞ്ഞ ഒമ്പതിനാണ് കരിപ്പൂരില്‍ ക്യാമ്പ് ആരംഭിച്ചത്. പത്തിന് പുലര്‍ച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5,340 ഹാജിമാരാണ് കരിപ്പൂര്‍ വഴി പുറപ്പെടുന്നത്. കണ്ണൂരില്‍ നിന്ന് ഈ മാസം 29നും കൊച്ചിയിൽ നിന്ന് 30നുമാണ് അവസാന വിമാനം.
കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പ് വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക അനുമോദനം ഇന്ന് വൈകിട്ട് ഹജ്ജ് ഹൗസില്‍ നടക്കും. ഹാജിമാര്‍ക്കായി സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പ് വളണ്ടിയർമാർ നടത്തിയത്. ചടങ്ങിൽ സര്‍വീസിൽ നിന്ന് വിരമിക്കുന്ന കോഴിക്കോട് വിമാനത്താവളം ഡയറക്ടര്‍ സി വി രവീന്ദ്രന് യാത്രയയപ്പും നല്‍കും.
ഇന്ന് കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. പുലര്‍ച്ചെ 1.05ന് പുറപ്പെടുന്ന വിമാനത്തില്‍ 94 പുരുഷന്മാര്‍ 79 സ്ത്രീകളും രാവിലെ 9.20ന് പുറപ്പെടുന്ന വിമാനത്തില്‍ 85 പുരുഷന്മാര്‍ 88 സ്ത്രീകളും വൈകിട്ട് 5.55ന് പുറപ്പെടുന്ന വിമാനത്തില്‍ 95 പുരുഷന്മാരും 77 സ്ത്രീകളും യാത്രതിരിക്കും.
കരിപ്പൂരില്‍ ഇന്നലെ നടന്ന യാത്രയയപ്പ് സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. ഹാജിമാര്‍ക്ക് ഉദ്ബോധനവും പ്രത്യേക പ്രാര്‍ഥനയും നടത്തി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. ടി വി ഇബ്റാഹീം എം എല്‍ എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പി എ ജബ്ബാര്‍ ഹാജി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ യു അബ്ദുൽ കരീം, അസ്സി. സെക്രട്ടറി ജഅ്ഫര്‍ കെ കക്കൂത്ത്, ഹജ്ജ് സെല്‍ ഓഫീസര്‍ കെ കെ മൊയ്തീന്‍കുട്ടി, ഊരകം അബ്ദുര്‍റഹ്്മാന്‍ സഖാഫി, യൂസുഫ് പടനിലം, തറയിട്ടാല്‍ ഹസന്‍ സഖാഫി സംബന്ധിച്ചു.
കണ്ണൂരിൽ നിന്ന് ഇന്നലെ ഹജ്ജ് യാത്ര ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ 3.55നാണ് വിമാനം. കൊച്ചിയിൽ നിന്ന് ഇന്ന് മൂന്ന് വിമാനങ്ങളാണുള്ളത്. രാവിലെ 7.30നും 11.30നും വൈകിട്ട് 3.30നുമാണ് വിമാനങ്ങള്‍. രണ്ടാമത്തെ വിമാനത്തില്‍ സ്ത്രീകള്‍ മാത്രമായിരിക്കും പുറപ്പെടുക. കൊച്ചിയില്‍ നിന്ന് ഇന്നലെ രാത്രി 8.20ന് പുറപ്പെട്ട വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള 112 പേരും യാത്രയായി.




